തലശ്ശേരി - മാഹി ബൈപാസ് നിർമാണം;അനധികൃത വാഹനങ്ങളുടെ അഭ്യാസവും പരിശീലനവും

മാഹി :തലശ്ശേരി – മാഹി ബൈപാസ് നിർമാണം അവസാന ഘട്ടത്തിൽ എത്തി മിനുക്ക് പണികൾ, ടാറിങ് എന്നിവ പുരോഗമിക്കുമ്പോൾ അനധികൃതമായി ബൈപാസ് റോഡിൽ പ്രവേശിക്കുന്ന വാഹനങ്ങൾ അപകടത്തിൽ പെടുന്നതായി നിർമാണ ഉദ്യോഗസ്‌ഥർ പറഞ്ഞു. ഇന്നലെ രാവിലെ അഴിയൂർ കക്കടവ് ഭാഗത്ത് നിയന്ത്രണം വിട്ട കാർ റോഡിന്റെ മധ്യഭാഗത്തുള്ള ബാരിക്കേട് തകർത്തു. രാവിലെ മുതൽ രാത്രി വൈകുന്നതു വരെ റോഡിൽ പ്രവേശിക്കുന്ന കാർ, ബൈക്ക് എന്നിവ ഉപയോഗിച്ച് അഭ്യാസവും പരിശീലനവും വലിയ തോതിൽ അപകടം വരുത്തുകയാണ്.സംഘം ചേർന്നുള്ള കാർ ഓട്ടം, ബൈക്ക് റേസ് എന്നിവ ഭീതി ഉയർത്തുന്നു. പൊലീസിനു പരിമിതിയുള്ളതിനാൽ ഫലപ്രദമായി ഇടപെടാൻ സാധിക്കുന്നില്ല. നാട്ടുകാർ ഇടപെടുന്നത് വാക്കേറ്റത്തിനും വഴി ഒരുക്കുന്നു. സർവീസിനു തുറന്ന് കൊടുക്കാത്ത റോഡിൽ സംഭവിക്കുന്ന അപകടങ്ങൾക്ക് മറ്റ് ആനുകൂല്യങ്ങൾ ലഭിക്കില്ലെന്ന വസ്തു‌ത പലരും മറക്കുകയാണ്. അധികൃതരും പൊലീസും കർശന നടപടി സ്വീകരിക്കാനുള്ള തീരുമാനം എടുത്തതായി അറിയുന്നു.

വളരെ പുതിയ വളരെ പഴയ