പന്തക്കൽ : പന്തക്കൽ കല്ലായി റോഡിൽ ടി. പി. മുക്ക് ബസ്സ് സ്റ്റോപ്പ് പരിസരം, പന്തോക്കാട് , മൂലക്കടവ് ഭാഗങ്ങളിൽ തെരുവ് പട്ടികളുടെ പരാക്രമം രൂക്ഷം. രാത്രികാലങ്ങളിൽ വീടുകളുടെ മതിൽ ചാടി കൂട്ടമായെത്തുന്ന തെരുവ് നായിക്കൾ ഭയപ്പെടുത്തുന്ന രീതിയിൽ പരാക്രമം നടത്തി പ്രദേശത്ത് ഭീതി വിതക്കുകയാണ്. വീടുകളിൽ കയറി ഇരുചക്ര വാഹനങ്ങളുടെയും മറ്റും സീറ്റുകൾ കടിച്ചു കീറി നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. വീടിനു പുറത്ത് അഴിച്ചിടുന്ന ചെരിപ്പുകൾ കടിച്ചു കൊണ്ട് പോയി നശിപ്പിക്കുക, വിലപിടിപ്പുള്ള ചെടികൾ നട്ട ചെടിച്ചട്ടികൾ മറിച്ചിട്ട് ചെടികൾ നശിപ്പിക്കുകയും ചട്ടികൾ പൊട്ടിക്കുന്ന പ്രവണതയും ഉണ്ട്. വീടിനു പുറത്ത് പട്ടികളുടെ കണ്ണിൽ കാണുന്ന സാധനങ്ങളെല്ലാം കടിച്ചു നശിപ്പിക്കുകയാണ്. രാവിലെ പ്രഭാത നടത്തതിന് ഇറങ്ങുന്നവർക്കും ഭീഷണിയാണ്. കോഴിക്കടകൾ, മത്സ്യസ്റ്റാളുകൾ, ഹോട്ടലുകൾ, ബേക്കറികളിൽ നിന്നും ലഭിക്കുന്ന വേസ്റ്റ് ഭക്ഷണങ്ങൾ കഴിച്ചാണ് പട്ടികളുടെ വിളയാട്ടം. ഇവിടങ്ങളിൽ കേന്ദ്രീകരിച്ചാണ് പട്ടികൾ പെറ്റ് പെരുകുന്നത്. കോഴിക്കടകളിൽ നിന്നും പുറംതള്ളുന്ന ഇറച്ചി കോഴികളുടെ കാലുകൾ ശേഖരിച്ചു പുഴുങ്ങി സ്കൂട്ടറിലും, കാറിലും വന്ന് പട്ടികൾ വിഹരിക്കുന്ന റോഡരികിലും മറ്റും ഇട്ടുകൊടുന്ന ഡോഗ് ലോവേർസ് ടീമും പ്രവർത്തിക്കുന്നുണ്ട്. പകൽ സമയത്ത് പോലും ഇക്കൂട്ടരേ കാണാം. പ്രദേശത്ത് തെരുവ് പട്ടികൾ പെരുകാൻ ഇതും ഒരു കാരണമാണ്. രണ്ട് വർഷം മുന്നേ ഹസ്സൻ മുക്കിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കൊച്ചു കുട്ടികൾ ക്ക് അടക്കം നിരവധി പേർക്ക് കടിയേറ്റ സംഭവങ്ങൾ ഉണ്ട്. ഏതാനും വർഷങ്ങൾക്കു മുന്നേ പന്തക്കൽ നവോദയ വിദ്യാലയത്തിന് കുറച്ചകലെ മനേക്കര വയലിൽ ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന കുട്ടികളെ തെരുവുപട്ടികൾ കൂട്ടമായെത്തി ആക്രമിക്കുകയും അതിലൊരു കുട്ടി മരണപെടുകയും ചെയ്ത സംഭവം പ്രദേശത്തുകാർ ഇപ്പോഴും ഞെട്ടലോടെ ഓർക്കുന്നുണ്ട്. പൊതുജനത്തിന്റെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന തെരുവ് പട്ടികളെ നിയന്ത്രിക്കാൻ മയ്യഴിയിലെ ബന്ധപ്പെട്ട വകുപ്പതികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.