മാഹി സ്വദേശിയായ ഡോ. സജീഷ് കുമാർ റോബോട്ടിക് ടെലി സർജറി സിസ്റ്റം വികസിപ്പിച്ചെടുത്ത് അമേരിക്കൻ പേറ്റന്റ് കരസ്ഥമാക്കി. അമേരിക്കയിലെ ടെന്നസ്സി യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ് അദ്ദേഹം. റോബോട്ടുകളുടെ സഹായത്തോടെ വിദൂര രാജ്യങ്ങളിലിരുന്ന് മറ്റു രാജ്യത്തുള്ള രോഗികൾക്ക് ശസ്ത്രക്രിയ നടത്തുവാൻ സാധിക്കുന്ന നൂതന സിസ്റ്റത്തിനാണ് യു.എസ്. പേറ്റന്റ് & ട്രേഡ്മാർക്സിൽ നിന്നും പേറ്റന്റ് ലഭിച്ചിട്ടുള്ളത്.
വിദൂര ശസ്ത്രക്രിയയെ കുറിച്ച് ഫ്രാൻസിലെ ഡോ. ഴാക് മാർസോവുമായി ചേർന്ന് ആദ്യ പുസ്തകം രചിച്ചതും സജീഷാണ്. സാമൂഹ്യ-ആരോഗ്യ സേവനങ്ങൾക്കൊപ്പം സിംഗിൾ എൻജിൻ വിമാനം പറത്താൻ ലൈസൻസുള്ള പൈലറ്റ് കൂടിയാണ് അദ്ദേഹം. കൂടാതെ സ്കൂൾ കുട്ടികളുമായി ശാസ്ത്ര സംവാദങ്ങളിലും സജീവമാണ്. മാഹി ജവഹർലാൽ നെഹ്റു ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർത്ഥിയായ സജീഷ്, ഈസ്റ്റ് പള്ളൂരിലെ വേലികേളോത്ത് രാഘവന്റെയും അഴിയൂർ കോറോത്ത് മാനംചാലിൽ പരേതയായ കമലദേവിയുടെയും മകനാണ്.
