ക്ലാസ് റൂമിൽ അധ്യാപകന് ഷോക്കേറ്റു: സഹപ്രവർത്തകന്റെ സന്ദർഭോചിതമായ ഇടപെടലിൽ ജീവൻ രക്ഷപ്പെട്ടു


 മാഹി: ചാലക്കര പി.എം.ശ്രീ ഉസ്മാൻ ഗവ. ഹൈസ്കൂളിലെ മലയാള അധ്യാപകൻ ആന്റണി മാത്യുവിന് ക്ലാസ് മുറിയിൽ വെച്ച് വൈദ്യുതി ആഘാതമേറ്റു. സഹപ്രവർത്തകന്റെ സമയബന്ധിതമായ ഇടപെടലിനെ തുടർന്നാണ് അധ്യാപകന്റെ ജീവൻ രക്ഷിക്കാനായത്.

ക്ലാസിൽ പാഠം പഠിപ്പിക്കുന്നതിനിടെ വെളിച്ചക്കുറവ് കാരണം സ്വിച്ചിടാൻ ശ്രമിച്ചപ്പോഴാണ് അധ്യാപകന് ഷോക്കേറ്റത്. ബോധംകെട്ട് നിലത്തുവീണ അധ്യാപകന്റെയും വിദ്യാർഥികളുടെയും നിലവിളി കേട്ട് ഓടിയെത്തിയ ചിത്രകലാ അധ്യാപകനും കളരി ആചാര്യനുമായ ആർട്ടിസ്റ്റ് സനിൽ കുമാർ ഉടൻ തന്നെ പ്രഥമശ്രൂഷയായി സി.പി.ആർ. നൽകുകയായിരുന്നു.

തുടർന്ന് മാഹി ഗവ. ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട ആന്റണി മാത്യു നിലവിൽ അപകടനില തരണം ചെയ്തിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പും ഈ വിദ്യാലയത്തിൽ ഒരു വിദ്യാർത്ഥിക്ക് ഷോക്കേറ്റിരുന്നു. മാഹിയിലെ സർക്കാർ വിദ്യാലയങ്ങളിലെ പഴയ വയറിംഗും വൈദ്യുതോപകരണങ്ങളുടെ ഗുണനിലവാരവും അടിയന്തരമായി പരിശോധിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.

 

വളരെ പുതിയ വളരെ പഴയ