മാഹി: ദേശീയപാതയിൽ ചോമ്പാൽ ബ്ലോക്ക് ഓഫീസിന് സമീപം കാർ ഡിവൈഡറിൽ ഇടിച്ചുകയറി പൂർണ്ണമായും കത്തിനശിച്ചു. ഇന്ന് പുലർച്ചെ ആറരയോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തി.
പാപ്പിനിശ്ശേരിയിൽ നിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ കണ്ണൂർ മൊറാഴ സ്വദേശികളായ കൃഷ്ണാലയം വീട്ടിലെ ദേവദാസ് (72), ബാബു ബാലകൃഷ്ണൻ (66), മണികണ്ഠൻ (27), വിജി (37), തയ്യിൽ വീട്ടിൽ അസീബ് (35) എന്നിവരെ വടകര ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്.
അപകടശബ്ദം കേട്ട് സമീപത്തെ സ്റ്റേഡിയത്തിലും ഓപ്പൺ ജിമ്മിലുമായി പരിശീലനം നടത്തുന്നവരും നാട്ടുകാരും ചേർന്നാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. അപ്പോഴേക്കും കാർ തീപിടിച്ച് ആളിക്കത്തുകയായിരുന്നു. വടകരയിൽ നിന്നും മാഹിയിൽ നിന്നുമെത്തിയ രണ്ട് യൂണിറ്റ് അഗ്നിശമന സേനയാണ് തീയണച്ചത്. അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ ചോമ്പാല പോലീസ് ദേശീയപാതയിലൂടെയുള്ള ഗതാഗതം സർവീസ് റോഡിലൂടെ തിരിച്ചുവിട്ടു.
