മാഹി: മുഴപ്പിലങ്ങാട് - മാഹി ദേശീയപാതയിൽ ഈസ്റ്റ് പള്ളൂർ സർവീസ് റോഡിൽ ഗതാഗത തടസ്സം പതിവാകുന്നു. ദേശീയപാതയിലെ സിഗ്നൽ ജംഗ്ഷനിൽ റോഡ് ഉയർത്തുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ ഇരുവശത്തുനിന്നുമുള്ള വാഹനങ്ങൾ സർവീസ് റോഡ് വഴിയാണ് കടത്തിവിടുന്നത്. ഇതാണ് പ്രദേശത്ത് രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാകുന്നത്.
ഇടുങ്ങിയ സർവീസ് റോഡിലൂടെയുള്ള വാഹന കടന്നുപോക്കിന് പുറമെ, സമീപത്തെ പെട്രോൾ പമ്പുകളിലേക്ക് കയറാൻ വാഹനങ്ങൾ നിരയായി കിടക്കുന്നതും കുരുക്ക് വർദ്ധിപ്പിക്കുന്നു. കൂടാതെ, അറവിലകത്ത് പാലം - പള്ളൂർ റോഡ് സർവീസ് റോഡിനെ മുറിച്ചുകടക്കുന്നതും സ്ഥിതി സങ്കീർണ്ണമാക്കുന്നുണ്ട്. പള്ളൂർ സബ്സ്റ്റേഷന് മുൻവശത്തു നിന്നും തലശ്ശേരി ഭാഗത്തുനിന്നുള്ള റോഡിലേക്ക് വാഹനങ്ങൾ കയറുന്നത് തടയാൻ ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും, ചില ഡ്രൈവർമാർ നിയമം ലംഘിച്ച് മുന്നോട്ട് പോകുന്നത് പൂർണ്ണമായും ഗതാഗതം സ്തംഭിപ്പിക്കാൻ ഇടയാക്കുന്നു.
ഇവിടെ ട്രാഫിക് നിയന്ത്രിക്കാൻ പോലീസിനെയോ മറ്റ് സുരക്ഷാ ജീവനക്കാരെയോ നിയോഗിച്ചിട്ടില്ലാത്തത് നിയമലംഘനങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നുണ്ട്. അടിയന്തരമായി ഈ ഭാഗത്ത് ട്രാഫിക് പോലീസിനെ നിർത്തുകയോ ബദൽ യാത്രാ സൗകര്യങ്ങൾ ഏർപ്പെടുത്തുകയോ ചെയ്ത് യാത്രക്കാരുടെ ദുരിതത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
