മാഹി സെന്റ് തെരേസാസ് ബസിലിക്കയിൽ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനം

 


മാഹി :വിശ്വാസികളുടെ മനസ്സിൽ ഭക്തിയുടെ നിറവുപകർന്ന് മാഹി സെന്റ് തെരേസാസ് ബസിലിക്കയിൽ 18 ദിവസം നീണ്ടുനിന്ന വിശുദ്ധ അമ്മത്രേസ്യായുടെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമായി. ദിനരാത്രങ്ങൾ നീണ്ട ആഘോഷങ്ങളിൽ പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് അമ്മയുടെ അനുഗ്രഹം തേടി ദേവാലയത്തിലേക്ക് ഒഴുകിയെത്തിയത്.

പൊതുവണക്കത്തിനായി ദേവാലയത്തിൽ പ്രതിഷ്ഠിച്ചിരുന്ന വിശുദ്ധ അമ്മത്രേസ്യായുടെ തിരുസ്വരൂപം ഉച്ചകഴിഞ്ഞ് ബസിലിക്ക റെക്ടർ ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട് അൾത്താരയിലെ രഹസ്യ അറയിലേക്ക് മാറ്റിയതോടെയാണ് ഈ വർഷത്തെ തിരുനാളിന് ഔദ്യോഗികമായി സമാപനമായത്. സമാപന ദിനമായ വ്യാഴാഴ്ച രാവിലെ പത്തിന് ഫാദർ ഷിജോയ് ഫ്രാൻസിസ് മാച്ചിട്ടലിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി നടന്നു. തുടർന്ന് തിരുനാളിന് സമാപനം കുറിച്ചുള്ള ഭക്തിനിർഭരമായ പ്രദക്ഷിണവും അരങ്ങേറി.

തിരുനാൾ ദിനങ്ങളിൽ ബസിലിക്കയും പരിസര പ്രദേശങ്ങളും ജനനിബിഡമായിരുന്നു. ഭക്തജനങ്ങൾക്ക് തടസ്സമില്ലാതെ എത്തിച്ചേരുന്നതിനായി മാഹി പോലീസിന്റെ നേതൃത്വത്തിൽ മികച്ച ഗതാഗത നിയന്ത്രണമാണ് ഒരുക്കിയിരുന്നത്. പ്രാർത്ഥനകളും നേർച്ചക്കാഴ്ചകളും വിശ്വാസികളുടെ വലിയ ഒത്തുചേരലും കൊണ്ട് മാഹിയുടെ ആത്മീയ അന്തരീക്ഷത്തെ ഭക്തിസാന്ദ്രമാക്കിയ 18 ദിനരാത്രങ്ങൾക്കാണ് ഇതോടെ പരിസമാപ്തിയായത്.

 

വളരെ പുതിയ വളരെ പഴയ