പെട്രോൾ പമ്പ് തൊഴിലാളികൾക്ക് ശമ്പള വർധനവ്: നടത്താനിരുന്ന സൂചനാ സമരം പിൻവലിച്ചു


മാഹി: മാഹി മേഖലയിലെ പെട്രോൾ പമ്പ് തൊഴിലാളികൾക്ക് പ്രതിമാസം 900 രൂപ ശമ്പള വർധനവ് അനുവദിച്ചു. റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാറിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം. ലേബർ ഓഫീസർ തസ്തികയിൽ ഉദ്യോഗസ്ഥനില്ലാത്ത സാഹചര്യത്തിലാണ് അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തിൽ അനുരഞ്ജന ചർച്ച നടന്നത്. മാഹി പോലീസ് സൂപ്രണ്ട് ബി ധനശേഖരനും ചർച്ചയിൽ പങ്കെടുത്തു.

ശമ്പള വർധനവ് നടപ്പിലാക്കാൻ തീരുമാനിച്ചതോടെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത വെള്ളിയാഴ്ചത്തെ സൂചനാ പണിമുടക്കും അടുത്ത മാസം നടത്താനിരുന്ന അനിശ്ചിതകാല സമരവും പിൻവലിച്ചതായി ഭാരവാഹികൾ അറിയിച്ചു. വേതന വർധനവിന്റെ ആനുകൂല്യം മാഹി മേഖലയിലെ വിവിധ പെട്രോൾ പമ്പുകളിൽ ജോലി ചെയ്യുന്ന അഞ്ഞൂറിലധികം ജീവനക്കാർക്ക് ലഭിക്കും.

ഗവ. ഹൗസിൽ നടന്ന ചർച്ചയിൽ പമ്പുടമകളെ പ്രതിനിധീകരിച്ച് ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പി എൻ ഗണേശൻ, സെക്രട്ടറി കെ സുജിത്ത്, സജിത്ത് നാരായണൻ, കെ മജീദ്, കെ കെ അനിൽ കുമാർ എന്നിവരും സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളായ എ പ്രേമരാജൻ, പി സി പ്രകാശൻ, ഹാരിസ് പരന്തിരാട്ട്, ടി സുരേന്ദ്രൻ (സിഐടിയു), കെ ടി സത്യൻ, സത്യൻ കുനിയിൽ, ഇ രാജേഷ്, പി കൃഷ്ണൻ (ബിഎംഎസ്), കെ മോഹനൻ, ജിതേഷ് വാഴയിൽ (ഐഎൻടിയുസി) എന്നിവരും പങ്കെടുത്തു.




വളരെ പുതിയ വളരെ പഴയ