പന്തക്കൽ: പി എം ശ്രീ ഐ കെ കുമാരൻ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം. അധ്യയന വർഷത്തിന്റെ പകുതിയിൽ വെച്ച് പതിമൂന്നോളം അധ്യാപകരെയാണ് ഒരുമിച്ച് സ്ഥലം മാറ്റിയിരിക്കുന്നത്. കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കുന്ന രീതിയിലുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് രക്ഷിതാക്കൾ സ്കൂളിൽ കുത്തിയിരിപ്പ് സമരം നടത്തിയത്.
നിലവിലെ അധ്യാപകരെ ഈ അധ്യയന വർഷം കഴിയുന്നതുവരെ സ്കൂളിൽ നിലനിർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് രക്ഷിതാക്കൾ വൈസ് പ്രിൻസിപ്പലിന്റെ ഓഫിസിനു മുന്നിൽ പ്രതിഷേധിച്ചത്. പുതുച്ചേരി വിദ്യാഭ്യാസ മന്ത്രിയുമായി സംസാരിച്ച് പ്രശ്നത്തിന് പരിഹാരം കാണുമെന്ന് എംഎൽഎ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ രക്ഷിതാക്കൾ സമരം താൽക്കാലികമായി അവസാനിപ്പിച്ചു.
എസ്എംസി ചെയർമാൻ പ്രേമൻ, മനോജ് കുമാർ, ദിവ്യ, രാകേഷ് വി എം എന്നിവർ സമരത്തിന് നേതൃത്വം നൽകി.
