മാഹി ബസിലിക്കയിൽ ഭക്തിനിർഭരമായി ശയനപ്രദക്ഷിണം: തിരുനാൾ ബലിക്ക് കോഴിക്കോട് ആർച്ച് ബിഷപ് നേതൃത്വം നൽകി

 


മാഹി സെന്റ് തെരേസാസ് ബസിലിക്ക തീർഥാടന കേന്ദ്രത്തിലെ തിരുനാൾ ദിനത്തിൽ വിശുദ്ധ അമ്മത്രേസ്യയുടെ സന്നിധിയിൽ വിശ്വാസികൾ ഉരുളൽ നേർച്ച (ശയന പ്രദക്ഷിണം) നടത്തി. പുലർച്ചെ ഒന്നിന് ആരംഭിച്ച നേർച്ച വഴിപാട് രാവിലെ വരെ നീണ്ടുനിന്നു. സ്ത്രീകളടക്കം നൂറുകണക്കിന് വിശ്വാസികളാണ് നേർച്ച നടത്തി അനുഗ്രഹങ്ങൾക്ക് നന്ദിയർപ്പിച്ചത്.

തുടർന്ന് നടന്ന പ്രധാന തിരുനാൾ ബലിക്ക് കോഴിക്കോട് ആർച്ച് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ മുഖ്യകാർമികത്വം വഹിച്ചു. വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാൾ ആഘോഷങ്ങൾ നമ്മെ ഒരു ഡിഗ്രി കൂടി ദൈവത്തോട് അടുപ്പിക്കുന്നതാണെന്ന് ആർച്ച് ബിഷപ് വചനസന്ദേശത്തിൽ പറഞ്ഞു. ഇത്തരം ആഘോഷങ്ങൾ ദൈവത്തോടും സഹജീവികളോടുമുള്ള അടുപ്പമാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാവിലെ ബസിലിക്കയിൽ ദിവ്യബലി അർപ്പിക്കാനെത്തിയ ആർച്ച് ബിഷപ്പിനെ റെയിൽവേ സ്റ്റേഷൻ റോഡ് ജംഗ്ഷനിൽ നിന്ന് സ്വീകരിച്ച് പള്ളിയിലേക്ക് ആനയിച്ചു. ബസിലിക്ക റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ട്, സഹവികാരി ഫാ. ബിനോയി ഏബ്രഹാം, പാരിഷ് കൗൺസിൽ, തിരുനാൾ ആഘോഷക്കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.



വളരെ പുതിയ വളരെ പഴയ