മാഹി ബസിലിക്ക അമ്മ ത്രേസ്യാ പുണ്യവതിയുടെ തിരുനാൾ മഹോത്സവം: കൊടിയേറി; തിരുസ്വരൂപം പൊതുവണക്കത്തിന് പ്രതിഷ്ഠിച്ചു

 


മലബാറിലെ പ്രമുഖ തീർഥാടന കേന്ദ്രമായ മാഹി ബസിലിക്കയിൽ വിശുദ്ധ അമ്മ ത്രേസ്യാ പുണ്യവതിയുടെ വാർഷിക തിരുനാൾ മഹോത്സവത്തിന് ഭക്തിനിർഭരമായ ചടങ്ങുകളോടെ കൊടിയേറി. അനേകം വിശ്വാസികളുടെ സാന്നിധ്യത്തിൽ സെന്റ് തെരേസ ദേവാലയത്തിൽ നടന്ന കൊടിയേറ്റച്ചടങ്ങുകൾക്ക് ബസിലിക്ക റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ട് കാർമികത്വം വഹിച്ചു. മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ ഉൾപ്പെടെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

കൊടിയേറ്റത്തിന് ശേഷം അൾത്താരയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിട്ടുള്ള വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം പൊതുവണക്കത്തിനായി പ്രത്യേകം തയ്യാറാക്കിയ പീഠത്തിലേക്ക് മാറ്റി പ്രതിഷ്ഠിച്ചു. കതിനാവെടികളുടെയും മാഹി നഗരസഭയുടെ പ്രത്യേക സൈറണിന്റെയും അകമ്പടിയോടെയാണ് 18 ദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായത്. തിരുസ്വരൂപം ദർശിച്ച് പ്രാർഥിക്കുന്നതിനായി വലിയ ഭക്തജന തിരക്കാണ് ബസിലിക്ക അങ്കണത്തിൽ അനുഭവപ്പെടുന്നത്.

ഇന്ന് വൈകുന്നേരം സെന്റ് മേരിസ് യൂണിറ്റിന്റെ നേതൃത്വത്തിൽ റവ. ഫാ. ഡോ. അലോഷ്യസ് കുളങ്ങരയുടെ കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലിയും നൊവേനയും നടക്കും. നാളെ രാവിലെയും വൈകുന്നേരവും സെന്റ് പീറ്റേഴ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ റവ. ഫാ. ഷാജു ആന്റണിയുടെ കാർമ്മികത്വത്തിൽ ദിവ്യബലിയും നൊവേനയും ക്രമീകരിച്ചിട്ടുണ്ട്.


ഉത്സവത്തിന്റെ പ്രധാന ദിനമായ ഒക്ടോബർ 14 ജാഗര ദിനത്തിൽ വൈകിട്ട് ഏഴിന് തിരുസ്വരൂപവും വഹിച്ചുള്ള നഗരപ്രദക്ഷിണം നടക്കും. ഒക്ടോബർ 15ന് പുലർച്ചെ വിശ്വാസികളുടെ നേർച്ചയായ ശയനപ്രദക്ഷിണവും തുടർന്ന് രാവിലെ 10.30ന് കോഴിക്കോട് അതിരൂപത മെത്രാപ്പൊലീത്ത റവ. ഡോ. വർഗീസ് ചക്കാലക്കലിന്റെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലിയും വൈകുന്നേരം സ്നേഹസംഗമവും സംഘടിപ്പിക്കും. ഒക്ടോബർ 22ന് ഉച്ചകഴിഞ്ഞ് തിരുസ്വരൂപം അൾത്താരയിലേക്ക് പുനഃപ്രതിഷ്ഠിക്കുന്നതോടെ തിരുനാൾ ആഘോഷങ്ങൾ സമാപിക്കും.

വളരെ പുതിയ വളരെ പഴയ