മാഹി: ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ മാഹി സെന്റ് തെരേസാസ് ബസലിക്കയിൽ അമ്മത്രേസ്യയുടെ തിരുനാൾ ആഘോഷങ്ങൾക്ക് ഇന്ന് (ഒക്ടോബർ 5) തുടക്കമാകും. തിരുനാളിന് മുന്നോടിയായി പരേതാത്മാക്കൾ ഉറങ്ങുന്ന കല്ലറകളിൽ പൂക്കൾ അലങ്കരിച്ചും മെഴുകുതിരികൾ കത്തിച്ചും പ്രാർത്ഥനകൾ നടത്തിയും വിശ്വാസ സമൂഹം തിരുനാളിനായി ഒരുങ്ങി.
ഞായറാഴ്ച വൈകിട്ട് 5 മണിക്ക് സെമിത്തേരിയിൽ ഇടവക വികാരി ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ പ്രത്യേക ദിവ്യബലിയും പരേതർക്ക് വേണ്ടിയുള്ള പ്രാർത്ഥനയും നടന്നു.
ഇന്ന് ഉച്ചയ്ക്ക് 11.30-ഓടെ കൊടിയേറ്റത്തോടെയാണ് 18 ദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. തുടർന്ന് ഉച്ചയ്ക്ക് 12 മണിയോടെ അൾത്താരയിലെ രഹസ്യ അറയിൽ നിന്നും വിശുദ്ധ അമ്മത്രേസ്യായുടെ തിരുസ്വരൂപം പുറത്തേക്ക് എഴുന്നള്ളിച്ച് പൊതുവണക്കത്തിനായി പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ പ്രതിഷ്ഠിക്കും. പ്രധാന തിരുനാൾ ജാഗര ദിനമായ ഒക്ടോബർ 14-ന് വൈകിട്ട് നഗരപ്രദക്ഷിണവും 15-ന് പുലർച്ചെ ശയനപ്രദക്ഷിണവും നടക്കും. ഒക്ടോബർ 22-നാണ് തിരുനാൾ മഹോത്സവം സമാപിക്കുക.
