പരിമഠം ചമേൽ റോഡിന്റെ ദുരവസ്ഥ: ന്യൂ മാഹി പഞ്ചായത്ത് സെക്രട്ടറിക്ക് പ്രദേശവാസികളുടെ കൂട്ടായ്മ പരാതി നൽകി


ന്യൂ മാഹി: പൂർണ്ണമായും തകർന്നു കിടക്കുന്ന പരിമഠം ചമേൽ റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളുടെ കൂട്ടായ്മ ന്യൂ മാഹി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നേരിട്ട് പരാതി നൽകി.

റോഡിലെ മെറ്റലും കല്ലുകളും ഇളകിപ്പോയതോടെ കാൽനടയാത്ര പോലും സാധ്യമല്ലാത്ത അവസ്ഥയിലാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ കല്ലുകൾ തെറിച്ചുവീണ് കാൽനടയാത്രക്കാർക്ക് പരിക്കേൽക്കുന്നത് പതിവായിരിക്കുകയാണ്. കുഴികളിലും ഇളകിയ കല്ലുകളിലും തട്ടി ഇരുചക്രവാഹനങ്ങൾ മറിഞ്ഞുവീണ് നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. റോഡിന്റെ തകർച്ച കാരണം പ്രദേശവാസികളും സ്കൂൾ കുട്ടികളും ഉൾപ്പെടെയുള്ളവർ കടുത്ത ദുരിതത്തിലാണ്.

പൊതുജനങ്ങളുടെ ജീവന് ഭീഷണിയായ റോഡ് പഞ്ചായത്ത് അധികൃതർ അടിയന്തരമായി സന്ദർശിച്ച് റീ-താറിംഗോ ആവശ്യമായ അറ്റകുറ്റപ്പണികളോ നടത്തണമെന്നും അല്ലാത്തപക്ഷം ശക്തമായ ബഹുജന പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകുമെന്നും ചാമയിൽ റോഡ് കൂട്ടായ്മ മുന്നറിയിപ്പ് നൽകി.

വാർഡ് മെമ്പർമാരായ ശർമിള അഫ്സർ, പ്രീജ, കൂട്ടായ്മ അംഗങ്ങളായ സർഫാറാസ്, സലാം, ഷഹീർ കെ., അർഷിൻ കക്കാടൻ, സച്ചിൻ രാജ്, ഗോകുൽ ദാസ്, സയന്ത് സി.പി., സംഗീത് സി.പി., ലത്തീഫ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പഞ്ചായത്ത് ഓഫീസിലെത്തി സെക്രട്ടറിക്ക് പരാതി കൈമാറിയത്.


വളരെ പുതിയ വളരെ പഴയ