ചോമ്പാല ഹാർബർ വികസനം: 31 കോടിയുടെ പദ്ധതിക്ക് മാസ്റ്റർ പ്ലാൻ തയ്യാറാകുന്നു; ഉന്നതതല സംഘം സന്ദർശനം നടത്തി


ഒഞ്ചിയം: മൂന്ന് പതിറ്റാണ്ടായി വികസനം കാത്തുകിടക്കുന്ന ചോമ്പാല ഹാർബറിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ 31 കോടി രൂപയുടെ വികസന പദ്ധതിക്ക് മാസ്റ്റർ പ്ലാൻ തയ്യാറാകുന്നു. കെ.കെ. രമ എം.എൽ.എ. സമർപ്പിച്ച പ്രോജക്ടിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിച്ചത്. പദ്ധതി പ്രദേശത്ത് എം.എൽ.എയുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള ഉന്നതതല സംഘം സന്ദർശനം നടത്തി.

തുറമുഖ-ടൂറിസം വകുപ്പുകൾ സംയുക്തമായാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്. റോഡ്, ജെട്ടി നവീകരണം, ലേലപ്പുര, വല നെയ്ത്തുശാല, പാർക്കിംഗ് ഏരിയ, സോളാർ എനർജി, കോസ്റ്റൽ പോലീസ് എയ്ഡ് പോസ്റ്റ്, ഹെൽത്ത് സെന്റർ തുടങ്ങിയ സജ്ജീകരണങ്ങൾ പദ്ധതിയിലുണ്ട്. ഇതിനുപുറമെ, 5 കോടി രൂപ ചെലവഴിച്ച് പുലിമൂട്ടിലെ മണൽ വാരൽ (ഡ്രഡ്ജിംഗ്) യുദ്ധകാലാടിസ്ഥാനത്തിൽ നടത്തും. അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും ഹാർബർ മാനേജ്മെന്റ് കമ്മിറ്റി ശക്തമാക്കാനും തീരുമാനമായി.

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി. അനീഷ്, ഹാർബർ അസി. എൻജിനീയർ എം.പി. വിനീത്, അസി. എക്സിക്യൂട്ടീവ് എൻജിനീയർ സൗമ്യ, കെ.കെ. രമ എം.എൽ.എ., അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. ലീല തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അവലോകന യോഗവും പരിശോധനയും നടന്നത്.



വളരെ പുതിയ വളരെ പഴയ