സംസ്ഥാനത്ത് ലഹരിമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടികൾ തുടരുന്നതിനിടയിൽ, ന്യൂമാഹിയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായത്.
തലശ്ശേരി ടെമ്പിൾഗേറ്റ് സ്വദേശി റുബൈദ പി.കെ. (34), കോഴിക്കോട് വേലം സ്വദേശി അജ്മൽ വി.പി. (34) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ന്യൂമാഹി അഴീക്കലിലെ ഒരു വാടക വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. ഇവിടെനിന്നും വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 16 ഗ്രാം തൂക്കമുള്ള എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. പിടിയിലായ റുബൈദയ്‌ക്കെതിരെ തലശ്ശേരി, ന്യൂമാഹി, മട്ടന്നൂർ എന്നീ പൊലീസ് സ്റ്റേഷനുകളിൽ ലഹരിമരുന്നുമായി ബന്ധപ്പെട്ട മുൻകാല കേസുകൾ നിലവിലുണ്ട്.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി, തലശ്ശേരി എ.എസ്.പി. നന്ദഗോപൻ, ചൊക്ലി സി.ഐ. ഷാജു സി എന്നിവരുടെ മേൽനോട്ടത്തിലാണ് പരിശോധന നടന്നത്. ന്യൂമാഹി പോലീസ് സ്റ്റേഷൻ എസ്.ഐ. രജിൻ രാജിന്റെ നേതൃത്വത്തിലുള്ള പൊലീസും തലശ്ശേരി എ.എസ്.പി. സ്‌ക്വാഡും ഡാൻസാഫ് സ്‌ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
