മാഹി: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി മാഹി ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സ്റ്റാച്ച്യൂ ജംഗ്ഷനിലെ മഹാത്മാഗാന്ധിയുടെ പൂർണ്ണകായ പ്രതിമയിൽ പുഷ്പാർച്ചനയും മാഹി ഗവ. ഹൗസിൽ സർവ്വമത പ്രാർത്ഥനയും നടത്തി.
മാഹി മുനിസിപ്പാലിറ്റിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും സഹകരണത്തോടെ 'സ്വച്ഛത ഹി സേവ' ക്യാമ്പയിന്റെ ഭാഗമായി മാഹി ബീച്ച്, ഹില്ലോക്ക്, നടപ്പാത, മഞ്ചക്കൽ ബോട്ട് ഹൗസ് എന്നിവിടങ്ങളിൽ വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. വിദ്യാർത്ഥികൾ, പോലീസ് ഉദ്യോഗസ്ഥർ, സർക്കാർ ജീവനക്കാർ തുടങ്ങിയവർ ശുചീകരണത്തിൽ പങ്കാളികളായി.
വൃക്ഷത്തൈ വിതരണത്തിന്റെയും ശുചീകരണ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം അഡ്വ. ടി. അശോക് കുമാർ എം. എൽ. എ. നിർവ്വഹിച്ചു. മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ. എ. എസ്. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ഇ. വത്സരാജ്, മുൻ എം. എൽ. എ. മാരായ രമേശ് പറമ്പത്ത്, ഡോ. വി. രാമചന്ദ്രൻ, പോലീസ് സൂപ്രണ്ട് ധനശേഖരൻ, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഇസ്ഹാക്ക്, ഡെപ്യൂട്ടി തഹസീൽദാർ വളവിൽ മനോജ്, വിദ്യാഭ്യാസ മേധാവി എം. എം. തനൂജ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഇ. പി. ശിവകുമാർ, പോലീസ് ഇൻസ്പെക്ടർ പി. എ. അനിൽ കുമാർ തുടങ്ങിയവരും വിവിധ രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.

