മാഹി: ചാലക്കര വരപ്രത്ത് കാവ് ദേവീക്ഷേത്രത്തിലെ നാഗക്കാവ് പുനരുദ്ധാരണത്തിന്റെ ഭാഗമായി, നിലവിലുണ്ടായിരുന്ന നാഗക്കാവിലെ ബിംബങ്ങൾ ബാലാലയത്തിലേക്ക് മാറ്റിസ്ഥാപിച്ചു. പാമ്പുമേക്കാട്ടുമന സുബ്രഹ്മണ്യൻ നമ്പൂതിരി, വല്ലഭൻ നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു.
പത്ത് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കാവിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ചടങ്ങുകൾ പൂർത്തിയായി 21 ദിവസങ്ങൾക്ക് ശേഷം പുതിയ നാഗക്കാവിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
പ്രസിഡന്റ് വി. വത്സൻ, സെക്രട്ടറി കെ.കെ. പത്മനാഭൻ, ട്രഷറർ കെ.ടി. രാജേഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
