പന്തക്കൽ: ചെറുകല്ലായി - പന്തക്കൽ റോഡിൽ വേഗത നിയന്ത്രിക്കാൻ സ്ഥാപിച്ച ഹമ്പുകളിലെ വെള്ള വരകൾ മാഞ്ഞുപോയതിനെ തുടർന്ന് അപകടങ്ങൾ പെരുകുന്നു. കല്ലായി മുതൽ പന്തക്കൽ മൂലക്കടവ് വരെയുള്ള മാഹി പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള റോഡിൽ 18 ഓളം ഹമ്പുകളാണുള്ളത്. ഇവിടെ പെയിന്റടിച്ചിട്ട് മാസങ്ങളായതാണ് ദുരിതത്തിന് കാരണം.
വരകൾ മാഞ്ഞതിനാൽ അതിവേഗത്തിൽ വരുന്ന വാഹനങ്ങൾ ഹമ്പ് ശ്രദ്ധയിൽപ്പെടാതെ പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ നിയന്ത്രണം വിട്ട് തെന്നിമാറുകയാണ്. ഇത് കാൽനടയാത്രക്കാർക്കും വലിയ ഭീഷണിയുയർത്തുന്നു. ഇരുചക്ര വാഹനങ്ങളാണ് ഇവിടെ കൂടുതലായും അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞ ദിവസം മൂലക്കടവിൽ ഹമ്പിൽ കയറി നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്ന് വീണ് യാത്രക്കാരിയായ സ്ത്രീക്ക് പരിക്കേറ്റിരുന്നു.
അപകടങ്ങൾ പതിവായതോടെ ഹമ്പുകൾ ദൂരത്തുനിന്ന് തന്നെ വാഹനയാത്രക്കാരുടെ ശ്രദ്ധയിൽപ്പെടാൻ സമീപത്തെ വ്യാപാരികൾ താൽക്കാലികമായി പച്ചിലകൾ വിരിച്ചാണ് മുന്നറിയിപ്പ് നൽകുന്നത്. റോഡിലെ ചില ഭാഗങ്ങളിൽ തെരുവുവിളക്കുകൾ കത്താത്തതും രാത്രികാല അപകട സാധ്യത വർദ്ധിപ്പിക്കുന്നു. മാഹി പൊതുമരാമത്ത് വകുപ്പ് അധികൃതർ അടിയന്തരമായി ഇടപെട്ട് ഹമ്പുകളിൽ പെയിന്റടിക്കാനും തെരുവുവിളക്കുകൾ പുനസ്ഥാപിക്കാനും നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
