അഴിയൂർ: വനിതാ ശിശുവികസന വകുപ്പും ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ച ഉറപ്പുവരുത്തുന്നതിനും ആരോഗ്യപരിപാലനത്തിനുമായി സംഘടിപ്പിക്കുന്ന ‘ബാല്യ സ്പന്ദനം’ പരിപാടി അഴിയൂർ 115-ാം നമ്പർ അങ്കണവാടിയിൽ വെച്ച് നടന്നു.
വാർഡ് മെമ്പർ മഹിജ തോട്ടത്തിൽ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ അങ്കണവാടിയിലെ കുട്ടികളുടെ ഉയരവും ഭാരവും ഉൾപ്പെടെയുള്ള ശാരീരിക വളർച്ചാ അളവുകൾ കൃത്യമായി പരിശോധിച്ച് രേഖപ്പെടുത്തി. കുട്ടികൾക്കുള്ള പോഷകാഹാര വിതരണവും രക്ഷിതാക്കൾക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസും പരിപാടിയുടെ ഭാഗമായി നടന്നു.
കുട്ടികളുടെ സമഗ്ര വികസനത്തിന് ഇത്തരത്തിലുള്ള ആനുകാലിക പരിശോധനകൾ ഏറെ പ്രയോജനപ്പെടുമെന്ന് ചടങ്ങിൽ സംബന്ധിച്ചവർ വ്യക്തമാക്കി. ആരോഗ്യപ്രവർത്തകർ, അങ്കണവാടി വർക്കർ, ഹെൽപ്പർ, ആശാ വർക്കർമാർ, രക്ഷിതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
