ഒളവിലം: ഒളവിലം സഫ്ദർ ഹാശ്മി വായനശാലയുടെയും പുരോഗമന കലാസാഹിത്യ സംഘം (പു ക സ) ഒളവിലം യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ അനൂപ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
വൈ ചിത്രന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വാർഡ് മെമ്പർ പുരുഷു കോട്ടേമ്മൽ ആശംസകൾ അർപ്പിച്ചു. പ്രജീഷ് പ്രവദ സ്വാഗതവും പി സാജു നന്ദിയും രേഖപ്പെടുത്തി.
ഉന്നത വിജയം കൈവരിച്ചവരെ ചടങ്ങിൽ ആദരിച്ചു. ഐസർ യൂണിവേഴ്സിറ്റിയിൽ നിന്നും കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ ഡോ. ആതിര പ്രിൻസ്, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ നൈതിക അഭിജിത്ത് എന്നിവരെയും വാർഷികാഘോഷത്തിൽ നൃത്തം അവതരിപ്പിച്ച കളരിയുള്ളതിൽ അങ്കണവാടിയിലെ കുട്ടികളെയും യോഗത്തിൽ അനുമോദിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി വനിതാ വേദിയുടെ നേതൃത്വത്തിൽ കൈകൊട്ടിക്കളിയും, 'ഞാനൊരു പാട്ടു പാടാം' ഗായക സംഘത്തിന്റെ ഗാനമേളയും നടന്നു. വിവിധ ഓണക്കളികളും പായസ വിതരണവും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
