ന്യൂമാഹി സഹൃദയ സാംസ്കാരിക വേദി സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച വായനാ മത്സരങ്ങളിലെ ഇരുന്നൂറോളം വിജയികൾക്കുള്ള സമ്മാന വിതരണവും വിദ്യാഭ്യാസ സെമിനാറും ആദര സമർപ്പണവും വരും ഒമ്പതിന് നടക്കും. മാഹി ശ്രീനാരായണ കോളേജ് ഓഫ് എഡുക്കേഷൻ ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.
സഹൃദയ സാംസ്കാരിക വേദി പ്രസിഡന്റ് പി.കെ.വി. സാലിഹ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. അഡ്വ. ടി. അശോക് കുമാർ എം.എൽ.എ ഉദ്ഘാടനവും സമ്മാന വിതരണവും നിർവഹിക്കും. പ്രമുഖ എഴുത്തുകാരൻ വി.ആർ. സുധീഷ് ചടങ്ങിൽ ആദര സമർപ്പണം നടത്തും.
നന്മമരം സംസ്ഥാന പരിസ്ഥിതി പുരസ്‌കാര ജേതാവ് സി.വി. രാജൻ പെരിങ്ങാടി, ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാര ജേതാവ് സോമൻ മാഹി എന്നിവരെ വി.ആർ. സുധീഷ് ആദരിക്കും. തുടർന്ന് രക്ഷിതാക്കൾ അറിയാൻ എന്ന വിഷയത്തിൽ പാലയാട് ഡയറ്റ് മുൻ പ്രിൻസിപ്പൽ പി.കെ. ഗൗരി ബോധവൽക്കരണ പ്രഭാഷണം നടത്തും.
വാർത്താസമ്മേളനത്തിൽ സാംസ്കാരിക വേദി രക്ഷാധികാരി സി.വി. രാജൻ പെരിങ്ങാടി, എം.എ. കൃഷ്ണൻ, സോമൻ മാഹി, ഷാജി കൊള്ളുമ്മൽ, സി.കെ. രാജലക്ഷ്മി എന്നിവർ പങ്കെടുത്തു.
