ഈസ്റ്റ് പള്ളൂർ പ്രദേശത്ത് തെരുവ് നായ ശല്യം അതിരൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം രാത്രി ഈസ്റ്റ് പള്ളൂർ ബർക്കത്ത് മഹലിനു മുന്നിൽ നിർത്തിയിട്ടിരുന്ന മൂന്നോളം സ്കൂട്ടറുകളുടെ സീറ്റുകളാണ് തെരുവ് നായ്ക്കൾ കടിച്ചു കീറി പൂർണ്ണമായും നശിപ്പിച്ചത്. തൊട്ടടുത്ത വീട്ടിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിന്റെ സീറ്റും സമാനമായ രീതിയിൽ നശിപ്പിച്ചിട്ടുണ്ട്.
വാഹനങ്ങൾ നശിപ്പിക്കുന്നതിന് പുറമെ പ്രദേശവാസികളുടെ സുരക്ഷയ്ക്കും നായ്ക്കൾ ഭീഷണിയാകുന്നുണ്ട്. കഴിഞ്ഞ ദിവസം സൈക്കിളിൽ പോവുകയായിരുന്ന കുട്ടിയെ തെരുവ് നായ ഓടിക്കുകയുണ്ടായി. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ പരിസരവാസികൾ സമയത്തിന് ഇടപെട്ടതുകൊണ്ടാണ് വൻ അപകടം ഒഴിവായത്. ഇത്തരം സംഭവങ്ങൾ ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, പ്രശ്നത്തിന് അടിയന്തരവും ശാശ്വതവുമായ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.
