പ്രശസ്ത നാടക നടൻ മഞ്ജുളൻ അഭിനയിക്കുന്ന പുതിയ ഏകപാത്ര നാടകം 'എ മിസ്സിംഗ് പ്രോമിസ്' ഇന്ത്യയിൽ ആദ്യമായി വേദിയിലെത്തി. ന്യൂമാഹി മലയാള കലാഗ്രാമത്തിലെ എം.ഗോവിന്ദൻ ഓഡിറ്റോറിയത്തിലാണ് നാടകത്തിന്റെ ആദ്യ പ്രദർശനം അരങ്ങേറിയത്. സ്കൂൾ ഓഫ് ഡ്രാമയിലെ പൂർവ്വവിദ്യാർത്ഥിയായ ജയകൃഷ്ണനാണ് നാടകത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. കഴിഞ്ഞ മാസമാണ് നാടകത്തിന്റെ ആദ്യ അവതരണം ഓസ്ട്രേലിയയിൽ നടന്നത്.
കാൽ നൂറ്റാണ്ടു മുമ്പ് സൂര്യ ഫെസ്റ്റിവലിൽ 'കൂനൻ' എന്ന നാടകത്തിലൂടെ രംഗത്തെത്തിയ മഞ്ജുളൻ, സ്കൂൾ ഓഫ് ഡ്രാമ പഠനത്തിന് ശേഷം 'കേളു' എന്ന നാടകം സംവിധാനം ചെയ്ത് ശ്രദ്ധ നേടിയിരുന്നു. രണ്ടര പതിറ്റാണ്ടിനിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 2200-ലധികം വേദികളിലാണ് അദ്ദേഹം 'കൂനൻ' എന്ന ഏകപാത്ര നാടകം അവതരിപ്പിച്ച് കയ്യടി നേടിയത്.
