മാഹി: ഗോഡൗണിൽ മാസങ്ങളായി കെട്ടിക്കിടക്കുന്ന അരി വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് മാഹി സിവിൽ സപ്ലൈസ് സൂപ്രണ്ടിനെ കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. മേഖലാ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം.
കഴിഞ്ഞ രണ്ട് മാസങ്ങളായി ഗോഡൗണിൽ എത്തിയ അരി ആഗസ്റ്റ് 16-നുള്ളിൽ വിതരണം ചെയ്യുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നൽകിയിരുന്നെങ്കിലും, സാങ്കേതിക തകരാറുകൾ പറഞ്ഞ് വിതരണം വൈകിപ്പിക്കുകയായിരുന്നു. അടിയന്തരമായി അരി വിതരണം ചെയ്യാനുള്ള ഉത്തരവ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു കോൺഗ്രസ് പ്രവർത്തകർ.
തുടർന്ന് ആർ.എ. ഇൻ ചാർജ് ഡോ. ഇസഹാഖ് സമരക്കാരുമായി നടത്തിയ ചർച്ചയിൽ നാളെ തന്നെ മാഹി മേഖലയിൽ അരി വിതരണം ആരംഭിക്കാമെന്ന് ഉറപ്പ് നൽകി. ഈ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് മേഖലാ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിവന്ന ഉപരോധ സമരം അവസാനിപ്പിച്ചത്.
സമരത്തിന് കെ. മോഹനൻ, പി.പി. വിനോദൻ, സത്യൻ കേളോത്ത്, കെ. ഹരീന്ദ്രൻ, ശ്യാംജിത്ത് പാറക്കൽ, കെ.പി. രെജിലേഷ്, അജയൻ പൂഴിയിൽ, ജിജേഷ് കുമാർ ചാമേരി, അൻസിൽ അരവിന്ദ്, മുഹമ്മദ് സർഫാസ്, ആശാലത തുടങ്ങിയവർ നേതൃത്വം നൽകി.
