ന്യൂ മാഹി: പെരിങ്ങാടി റെയിൽവേ ലെവൽ ക്രോസിലെ രൂക്ഷമായ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യവുമായി ന്യൂ മാഹിയിൽ ജനകീയ കൺവെൻഷൻ സംഘടിപ്പിച്ചു. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നടന്ന കൺവെൻഷൻ കാരായി രാജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് എം.കെ. സെയിത്തു, കെ.എം. സുഗിനേഷ്, ടി.എച്ച്. അസ്‌ലം, സി.കെ. പ്രകാശൻ, പി.സി. റിസാൽ, വി.കെ. അനീഷ് ബാബു, കണ്ട്യൻ സുരേഷ് ബാബു, അനീഷ് കൊള്ളുമ്മൽ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി. പ്രസന്ന, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.കെ. റീജ, ന്യൂ മാഹി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എ. ഷർമിരാജ്, പഞ്ചായത്ത് മെമ്പർമാരായ പി.പി. ഹസീന, പി.കെ. സുനിത, വൈശാഖ് മുരളീധരൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വിഷയത്തിൽ തുടർപ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനായി ജനകീയ കമ്മിറ്റിയും രൂപീകരിച്ചു. ഷാഫി പറമ്പിൽ എംപി, കാരായി രാജൻ എംഎൽഎ എന്നിവരെ രക്ഷാധികാരികളായും അർജുൻ പവിത്രനെ ചെയർമാനായും തിരഞ്ഞെടുത്തു. പി. പ്രസന്ന, സി.കെ. റീജ, കെ.എം. സുഗിനേഷ്, പി.പി. ഹസീന, പി.കെ. സുനിത, വൈശാഖ് മുരളീധരൻ എന്നിവരാണ് വൈസ് ചെയർപേഴ്സൺമാർ. ടി.എച്ച്. അസ്‌ലമിനെ ജനറൽ കൺവീനറായും കെ. സിജു, കെ. സുലൈമാൻ, വി.കെ. അനീഷ് ബാബു, കെ.സി. ബുദ്ധദാസ്, പ്രജീഷ് മഠത്തിൽ എന്നിവരെ കൺവീനർമാരായും തിരഞ്ഞെടുത്തു.

