സ്‌കൂൾ വിദ്യാർത്ഥികളെ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസിൽ മാഹിയിൽ പോക്‌സോ നിയമപ്രകാരം പ്രതിയെ പള്ളൂർ പോലീസ് അറസ്റ്റ് ചെയ്തു. പള്ളൂർ സ്റ്റേഷൻ പരിധിയിലെ സർക്കാർ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ രണ്ട് ആൺകുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് നടപടി. സ്‌കൂളിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലും സ്‌കൂൾ പരിസരത്തുവെച്ചുമാണ് അതിക്രമം നടന്നത്.
സ്‌കൂളിന് സമീപത്തെ ജ്യൂസ് കടയിൽ മുൻപ് ജോലി ചെയ്തിരുന്ന വടകര അഴിയൂർ സ്വദേശിയായ ഷുഹൈബ് (47) ആണ് അറസ്റ്റിലായത്. ഇയാൾ നിലവിൽ പാനൂർ കൂരാറയിലെ കുന്നോത്ത് മുക്കിലാണ് താമസിച്ച് വരുന്നത്.
പള്ളൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് മാഹി സിഐ പി. എ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മാക്കുനിയിൽ വെച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ പോണ്ടിച്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതിയിൽ ഹാജരാക്കും.
