ചൊക്ലി: ക്യാമ്പസുകളിലെ ലഹരി ഉപയോഗത്തിനും ധാർമ്മിക ജീർണ്ണതയ്ക്കുമെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്നും, അറിവും വിവേകവും ക്യാമ്പസിനെ നന്മയുടെ വഴിയിൽ നയിക്കാൻ ഉപയോഗപ്പെടുത്തണമെന്നും കലൈമാമണി ചാലക്കര പുരുഷു അഭിപ്രായപ്പെട്ടു. ചൊക്ലി എം.ടി.എം വാഫി കോളേജ് വിദ്യാർത്ഥി യൂണിയൻ 'സദാദ് 2026–27' ഉദ്ഘാടന ചടങ്ങിൽ മുഖ്യഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസത്തിന് ഇസ്ലാം നൽകുന്ന പ്രാധാന്യം ഏതെങ്കിലും ഒരു ലിംഗവിഭാഗത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഖുർആനിലെ ആദ്യത്തെ വചനം തന്നെ "വായിക്കുക" എന്നാണ്. അറിവ് നേടുക എന്നത് കേവലം പുരുഷന്മാരുടെ മാത്രം കുത്തകയല്ലെന്നും അത് ഓരോ മുസ്ലിമിന്റെയും നിർബന്ധ കടമയാണെന്നും പ്രവാചകൻ മുഹമ്മദ് നബി വ്യക്തമായി പഠിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സയ്യിദ് വി.സി.കെ. തങ്ങൾ ഇരിങ്ങണ്ണൂർ ഉദ്ഘാടനം ചെയ്തു. സദാദ് പ്രസിഡന്റ് സൈഫുദ്ധീൻ മണിയൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫാഹിസ് വാഫി വെട്ടിച്ചിറ ഗസ്റ്റ് ടോക്ക് നടത്തി. കോളേജ് പ്രിൻസിപ്പൽ അബ്ദുറസാഖ് വാഫി ഫൈസി, മാനേജ്മെന്റ് സെക്രട്ടറി ഫർഹാദ് ചൊക്ലി എന്നിവരും സംസാരിച്ചു.
