മാഹി: സ്വന്തം ജന്മദിനത്തിൽ രക്തം ദാനം ചെയ്തുകൊണ്ട് വേറിട്ടൊരു മാതൃക സൃഷ്ടിക്കുകയാണ് മാഹി എംഎൽഎ അഡ്വ. ടി. അശോക് കുമാർ. അദ്ദേഹത്തിന്റെ ജന്മദിനമായ ജൂലൈ 15 ന് സന്നദ്ധ രക്തദാന സന്ദേശവുമായി മാഹി മേരി മാതാ ഓഡിറ്റോറിയത്തിൽ വിപുലമായ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. എംഎൽഎ തന്നെ ആദ്യമായി രക്തം നൽകിക്കൊണ്ട് ക്യാമ്പിന് തുടക്കം കുറിക്കും.
ബ്ലഡ് ഡോണേഴ്സ് കേരളയുടെ സഹകരണത്തോടെയാണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്. കൂടുതൽ യുവാക്കളെ സന്നദ്ധ രക്തദാന രംഗത്തേക്ക് ആകർഷിക്കുക, പ്രാദേശിക രക്തബാങ്കുകളിൽ ആവശ്യത്തിന് രക്തശേഖരം ഉറപ്പുവരുത്തുക, മാഹി നിയോജക മണ്ഡലത്തെ സന്നദ്ധ രക്തദാന പ്രവർത്തനങ്ങളിൽ ഒരു മാതൃകയാക്കി മാറ്റുക എന്നിവയാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.
വിദ്യാർത്ഥിയായിരുന്ന കാലത്ത് മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളേജിൽ വെച്ച് രക്തദാന മേഖലയിലേക്ക് കടന്നുവന്ന വ്യക്തിയാണ് അഡ്വ. ടി. അശോക് കുമാർ. വർഷങ്ങളായി സന്നദ്ധ രക്തദാന പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായ അദ്ദേഹം, ജനപ്രതിനിധിയായ ശേഷവും ഇത്തരം സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്നതിന്റെ ഭാഗമായാണ് ജന്മദിനം ഇത്തരത്തിൽ ജനകീയമായി ആഘോഷിക്കാൻ തീരുമാനിച്ചതെന്ന് വ്യക്തമാക്കി.
