ന്യൂമാഹിയിൽ നിർമ്മാണത്തിലിരിക്കുന്ന വീടുകളിലും സ്ഥാപനങ്ങളിലും കയറി ലക്ഷങ്ങൾ വിലമതിക്കുന്ന ഇലക്ട്രിക്കൽ വയറിംഗ് സാമഗ്രികൾ മോഷ്ടിക്കുന്ന യുവാവ് പോലീസിന്റെ പിടിയിലായി. വയനാട് പുൽപ്പള്ളി സ്വദേശിയായ റോമിയോ ബേബിയാണ് പിടിയിലായത്.
ന്യൂമാഹി പാലത്തിന് സമീപം മൂന്നിടങ്ങളിലാണ് ഇയാൾ ലക്ഷങ്ങളുടെ കവർച്ച നടത്തിയത്. രാത്രികാലങ്ങളിൽ സ്ത്രീവേഷം ധരിച്ച് ആരുടെയും ശ്രദ്ധയിൽ പെടാതെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളിൽ കയറി സാധനങ്ങൾ കവരുകയാണ് ഇയാളുടെ രീതി. മോഷ്ടിച്ച ഇലക്ട്രിക്കൽ ഉപകരണങ്ങൾക്ക് പുറമെ സ്ത്രീകളുടെ അടിവസ്ത്രങ്ങളും ഇയാളിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അലമ്പത്ത് മീത്തൽ ജസ്ലീമിന്റെ ഉടമസ്ഥതയിലുള്ള ലാർഡ് റെസ്റ്റോ കഫെ, വി.കെ നവാസ്, ആലമ്പത്ത് മീത്തൽ ജായിസ് എന്നിവരുടെ നിർമ്മാണത്തിലിരിക്കുന്ന വീടുകൾ എന്നിവിടങ്ങളിലാണ് കവർച്ച നടന്നത്. ഒരേ രീതിയിലാണ് ഈ മൂന്നിടങ്ങളിലും ഇയാൾ മോഷണം നടത്തിയത്.
കവർച്ച പരമ്പരയെ തുടർന്ന് കെട്ടിട ഉടമകൾ ന്യൂമാഹി പോലീസിൽ പരാതി നൽകിയിരുന്നു. ഇന്ന് പുലർച്ചെ ഇതേ പ്രദേശത്ത് വീണ്ടും കവർച്ചയ്ക്കായി എത്തിയപ്പോഴാണ് പ്രതിയെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടിയത്. ഇയാളുടെ മോഷണ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
