പുതുച്ചേരി: പുതുച്ചേരിയിൽ ഭരണകക്ഷിയായ എൻ.ആർ കോൺഗ്രസും ബിജെപിയും തമ്മിലുള്ള ആഭ്യന്തര തർക്കങ്ങൾ രൂക്ഷമാകുന്നതായി സൂചന. നിലവിലുള്ള ബിജെപി സഖ്യം അവസാനിപ്പിച്ച് ഒരു ബദൽ രാഷ്ട്രീയ നീക്കത്തിന് മുഖ്യമന്ത്രി എൻ. രംഗസാമി ഒരുങ്ങുന്നതായാണ് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നുള്ള വിവരങ്ങൾ.
സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ അച്ചുതണ്ടുകൾ രൂപപ്പെടുന്നതിന്റെ ഭാഗമായി, പ്രമുഖ നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി വി കെ) പാർട്ടിയുമായി എൻ.ആർ കോൺഗ്രസ് കൈകോർത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. ബിജെപിയുമായുള്ള ഭിന്നതകൾ പരസ്യമായ പശ്ചാത്തലത്തിൽ, ടി വി കെയുടെ പിന്തുണയോടെ പുതിയൊരു സഖ്യത്തിനുള്ള ചർച്ചകൾ സജീവമായി നടക്കുന്നുണ്ട്. ഇത് പുതുച്ചേരിയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾക്ക് വഴിതുറക്കും.
