റെയിൽവേയിലെ ലൈൻ അറ്റകുറ്റപ്പണിയെ തുടർന്ന് ആലപ്പുഴ–കണ്ണൂർ എക്‌സിക്യൂട്ടീവ് എക്സ്പ്രസ് മാഹിയിൽ സർവീസ് അവസാനിപ്പിച്ചത് നിരവധി യാത്രക്കാരെ വലച്ചു. മുൻകൂട്ടി ടിക്കറ്റ് റിസർവ് ചെയ്തിരുന്ന പലർക്കും ട്രെയിൻ സർവീസ് നിയന്ത്രിച്ചതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭിച്ചിരുന്നില്ല. രാത്രിയിൽ മാഹി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങേണ്ടി വന്ന യാത്രക്കാർക്ക് തുടർയാത്രയ്ക്ക് മറ്റ് വാഹനങ്ങൾ ലഭിക്കാതെ വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടി വന്നത്.
സ്റ്റേഷനിൽ നിന്ന് ദേശീയപാതയിലേക്ക് എത്തുന്നതിനായി ഏകദേശം ഒന്നര കിലോമീറ്ററോളം ദൂരം പൂർണ്ണമായും ഇരുട്ടിലൂടെ നടക്കേണ്ടി വന്നതായും യാത്രക്കാർ പരാതിപ്പെട്ടു. മാഹിയിൽ വെച്ച് യാത്രക്കാരെ മുഴുവൻ ഇറക്കിയ ശേഷം ട്രെയിൻ തലശ്ശേരി റെയിൽവേ സ്റ്റേഷനിലേക്ക് പോയാണ് സർവീസ് അവസാനിപ്പിച്ചത്. യാത്രക്കാരെ മാഹിക്ക് പകരം തലശ്ശേരിയിൽ ഇറക്കിയിരുന്നെങ്കിൽ അവിടെ നിന്ന് കൂടുതൽ യാത്രാസൗകര്യങ്ങൾ ലഭിക്കുമായിരുന്നുവെന്ന് യാത്രക്കാർ പ്രതികരിച്ചു.
രാത്രി വൈകിയ സമയമായതിനാൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം വാഹനങ്ങൾക്കായി ഏറെ നേരം കാത്തുനിൽക്കേണ്ടി വന്നു. തുടർന്ന് വിവരമറിഞ്ഞ് മാഹി പോലീസ് സ്ഥലത്തെത്തുകയും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ഇടപെടുകയും ചെയ്തു. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിന് ശേഷമാണ് പലർക്കും നാട്ടിലേക്ക് മടങ്ങാൻ വാഹന സൗകര്യം ഒത്തു കിട്ടിയത്.
