അധ്യാപകരെ മറ്റ് ചുമതലകളിൽ നിയോഗിക്കുന്നത് തടയണം; പുതുച്ചേരി ഗവർണറുടെ കർശന നിർദേശം


മാഹി: പുതുച്ചേരി സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ അധ്യാപക ക്ഷാമം രൂക്ഷമായിരിക്കെ, അധ്യാപകരെ മറ്റ് ഇതര ചുമതലകളിൽ നിയോഗിക്കുന്നത് തടയാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി ഗവർണർ കൈലാഷ്‌നാഥൻ. നിലവിൽ സംസ്ഥാനത്തെ 456 സർക്കാർ സ്കൂളുകളിലായി എഴുപതിനായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. പ്രിൻസിപ്പൽമാർ, ഹെഡ്മാസ്റ്റർമാർ, ലക്ചറർമാർ ഉൾപ്പെടെയുള്ള തസ്തികകളിൽ 10 മുതൽ 20 ശതമാനം വരെ ഒഴിവുകൾ നിലനിൽക്കെയാണ് നിരവധി അധ്യാപകർ എൽടിസി, യുടിസി ജോലികളിലും മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും ഓഫീസുകളിലും ജോലി ചെയ്യുന്നത്.

കഴിഞ്ഞ മാസം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നമശിവായത്തിന്റെ പേഴ്സണൽ സെക്രട്ടറിയായി തവളക്കുപ്പം സർക്കാർ കോളേജിലെ പ്രൊഫസറെ നിയമിക്കാനുള്ള ശുപാർശ ഫയൽ ഗവർണർ തിരിച്ചയച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ സെക്രട്ടറിമാരുടെ യോഗം വിളിച്ച് ഗവർണർ കർശന നിർദേശം നൽകിയത്. പ്രാദേശിക തലത്തിൽ മൂന്ന് വർഷത്തിലധികമായി ഒരേ സ്ഥാനത്ത് തുടരുന്ന ഉദ്യോഗസ്ഥരെ നിർബന്ധമായും സ്ഥലംമാറ്റാനും മറ്റ് വകുപ്പുകളിൽ ജോലി ചെയ്യുന്ന അധ്യാപകരെ തിരികെ ക്ലാസ് മുറികളിലേക്ക് എത്തിക്കാനും അദ്ദേഹം നിർദേശിച്ചു.

അതേസമയം ഔദ്യോഗിക സന്ദർശനത്തിനായി ഗവർണർ ഇന്ന് മാഹിയിൽ എത്തും. നിർമ്മാണം പുരോഗമിക്കുന്ന മാഹി ഗവൺമെന്റ് ആശുപത്രിയുടെ പുതിയ കെട്ടിടം, പള്ളൂർ ആശുപത്രി കെട്ടിടം, മാഹി പോലീസ് സൂപ്രണ്ട് ഓഫീസ് കെട്ടിടം എന്നിവ സന്ദർശിച്ച് അദ്ദേഹം പ്രവർത്തന പുരോഗതി വിലയിരുത്തും.


വളരെ പുതിയ വളരെ പഴയ