അഴിയൂർ :ഓടുന്ന ട്രെയിനിന്റെ പടിയിൽ നിന്ന് ട്രാക്കിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. അഴിയൂർ ഹയർ സെക്കൻഡറി സ്കൂളിന് സമീപം ദാറുൽ ഹെയ്ററിൽ ആയാടത്തിൽ അൻസാർ (38) ആണ് മരിച്ചത്. കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപം വെച്ചായിരുന്നു അപകടം നടന്നത്.
കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം സംഭവിച്ചത്. തിരുവനന്തപുരം – മംഗലാപുരം ഏറനാട് എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന അൻസാർ ട്രെയിൻ കോഴിക്കോട് സ്റ്റേഷനിൽ എത്താറായപ്പോൾ പടിയിൽ നിന്ന് ട്രാക്കിലേക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ഇയാളുടെ ഇടതുകാൽ മുട്ടിന് താഴെ വെച്ച് നഷ്ടപ്പെട്ടിരുന്നു.
അപകടം നടന്നയുടൻ റെയിൽവേ പോലീസും റെയിൽവേ സംരക്ഷണ സേനയും (ആർപിഎഫ്) ചേർന്ന് അൻസാറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പരേതനായ ബഷീറാണ് പിതാവ്. മാതാവ്: ഹയറുന്നിസ.
