പുതുച്ചേരി നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ജൂലൈ രണ്ടിന് നടക്കും; ബജറ്റ് അവതരണം ജൂലൈ 16-ന്


മാഹി: പുതുച്ചേരി നിയമസഭയുടെ പുതിയ സ്പീക്കറെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ജൂലൈ രണ്ടിന് നടക്കും. മുഖ്യമന്ത്രി എൻ. രംഗസാമിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യ (എൻഡിഎ) സർക്കാർ വീണ്ടും അധികാരമേറ്റതിനെ തുടർന്നാണ് പുതിയ സഭാ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. സ്പീക്കർ തിരഞ്ഞെടുപ്പിനൊപ്പം ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പും അന്ന് തന്നെ നടക്കും.
മുഖ്യമന്ത്രി രംഗസാമിക്കൊപ്പം എൻആർ കോൺഗ്രസിൽ നിന്നുള്ള മല്ലാടി കൃഷ്ണറാവു, രാജവേലു, ശിവക്കൊഴുന്ദു എന്നിവരും, ബിജെപിയിൽ നിന്നുള്ള എ. നമശിവായം, രാജശേഖർ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. ഇവർക്കുള്ള വകുപ്പുകൾ ഒന്നോ രണ്ടോ ദിവസത്തിനകം പ്രഖ്യാപിക്കുമെന്നാണ് സൂചന.
തുടർന്ന് ജൂലൈ ഒൻപതിന് നിയമസഭാ സമ്മേളനം വീണ്ടും ചേരുകയും ലഫ്റ്റനന്റ് ഗവർണർ കെ. കൈലാഷ്നാഥൻ നയപ്രഖ്യാപന പ്രസംഗം നടത്തുകയും ചെയ്യും. ജൂലൈ 16-ന് മുഖ്യമന്ത്രി എൻ. രംഗസാമി നിയമസഭയിൽ 2026-27 സാമ്പത്തിക വർഷത്തെ പൂർണ്ണ ബജറ്റ് അവതരിപ്പിക്കും. തുടർന്ന് ബജറ്റിന്മേലും വിവിധ വകുപ്പുകളുടെ ധനാഭ്യർഥനകളിന്മേലും വിശദമായ ചർച്ചകൾ സഭയിൽ നടക്കും.

 
വളരെ പുതിയ വളരെ പഴയ