മയ്യഴി മാഹി റെയിൽവേ സ്റ്റേഷൻ നവീകരിച്ച് ജനങ്ങൾക്ക് വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തിയെങ്കിലും യാത്രക്കാർക്ക് ആവശ്യമായ കുടിവെള്ളവും ലഘുഭക്ഷണങ്ങളും വാങ്ങാനുള്ള കാറ്ററിംഗ് സ്റ്റാളുകൾ അടഞ്ഞുകിടക്കുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു.
സ്റ്റേഷനിലെ രണ്ട് പ്ലാറ്റ്‌ഫോമുകളിലും നിലവിൽ കാറ്ററിംഗ് സ്റ്റാളുകൾ പ്രവർത്തിക്കുന്നില്ല. ദീർഘദൂര യാത്രക്കാർ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നിന്നും എത്തുന്ന നിരവധി ആളുകൾക്ക് ഇത് വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്. വേനൽക്കാലത്ത് കുടിവെള്ളം പോലും ലഭിക്കാതെ യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. റെയിൽവേ അധികൃതർ അടിയന്തിരമായി ഇടപെട്ട് ആവശ്യമായ ഒരുക്കങ്ങൾ നടത്തി സ്റ്റാളുകൾ തുറന്നു പ്രവർത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് യാത്രികരുടെ പ്രധാന ആവശ്യം.
