മാഹിയിൽ അടിക്കടി ഉണ്ടാകുന്ന വൈദ്യുതി മുടക്കം: വ്യാപാര മേഖല പ്രതിസന്ധിയിൽ, ജനജീവിതം ദുസ്സഹം


 മാഹി: മാഹിയിൽ അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കം വ്യാപാര മേഖലയെ ഗുരുതരമായി ബാധിക്കുന്നതായി വ്യാപാരികളും പൊതുജനങ്ങളും പരാതിപ്പെടുന്നു. യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ ദീർഘസമയത്തേക്ക് വൈദ്യുതി വിതരണം തടസ്സപ്പെടുന്നത് വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നതോടൊപ്പം സാധാരണക്കാരുടെ ദൈനംദിന ജീവിതം വലിയ ബുദ്ധിമുട്ടിലാക്കുകയാണ്.

കഴിഞ്ഞ ഏതാനും മാസങ്ങളായി വൈദ്യുതി മുടക്കത്തിന്റെ ദൈർഘ്യവും ആവർത്തനവും വർധിച്ചതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ചില ദിവസങ്ങളിൽ 12 മണിക്കൂർ വരെ വൈദ്യുതി ലഭിക്കാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും, ഇതുമൂലം വ്യാപാര സ്ഥാപനങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടി വരുന്നതായും അവർ വ്യക്തമാക്കുന്നു. റീചാർജ് സംവിധാനങ്ങൾ, കമ്പ്യൂട്ടറുകൾ, ശീതീകരണ സംവിധാനങ്ങൾ എന്നിവ പ്രവർത്തിപ്പിക്കാനാകാതെ വലിയ പ്രതിസന്ധിയാണ് മേഖല നേരിടുന്നത്.

പ്രശ്നം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ പലതവണപ്പെടുത്തിയിട്ടും ഫലപ്രദമായ പരിഹാര നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. വൈദ്യുതി മുടക്കത്തെക്കുറിച്ച് വിവരങ്ങൾ അറിയാൻ പൊതുജനങ്ങൾ ശ്രമിക്കുമ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഫോണുകൾ പലപ്പോഴും ലഭ്യമാകാറില്ലെന്നും പരാതിയുണ്ട്. തുടർച്ചയായി നേരിടുന്ന ഈ ദുരിതത്തിന് അടിയന്തര പരിഹാരം കാണണമെന്നും വൈദ്യുതി വിതരണത്തിൽ സ്ഥിരത ഉറപ്പാക്കണമെന്നും മാഹി നിവാസികളും വ്യാപാരികളും ആവശ്യപ്പെട്ടു. പ്രശ്നത്തിന് ഉടൻ പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങേണ്ടിവരുമെന്ന മുന്നറിയിപ്പും വിവിധ സംഘടനകൾ നൽകിയിട്ടുണ്ട്.


വളരെ പുതിയ വളരെ പഴയ