മാഹി: സുഹൃത്തിന്റെ വിവാഹം ആഘോഷമാക്കാൻ മാഹിയിലെ പള്ളൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് മദ്യം കടത്തുകയായിരുന്ന രണ്ടു പേർ പോലീസ് പിടിയിലായി.
കോഴിക്കോട് ചേളന്നൂർ സ്വദേശികളായ എടക്കര എംബ്രലത്ത് പൊയില്‍ എ. ജ്യോതിഷ് ബാബു (30), പട്ടർപാലം പ്രണവത്തില്‍ ഡി.പി. നിധിൻ (34) എന്നിവരെയാണ് നാദാപുരം പോലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് 22 ലിറ്റർ മാഹി മദ്യവും ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.
സംസ്ഥാനപാതയില്‍ തൂണേരി ബ്ലോക്ക് ഓഫീസിന് സമീപം പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികള്‍ പിടിയിലായത്. ഇവരുടെ സ്‌കൂട്ടറിനുള്ളില്‍ നിന്ന് 750 മില്ലി ലിറ്ററിന്റെ 12 മദ്യക്കുപ്പികളും 500 മില്ലി ലിറ്ററിന്റെ 26 കുപ്പികളും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
