മയ്യഴി: മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ മോഷണം നടത്തിയ പ്രതിയെ തൊഴിലാളികൾ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
താമരശ്ശേരി ബാലുശ്ശേരി ഉണ്ണിക്കുളം സ്വദേശി അനന്തു (21) ആണ് പിടിയിലായത്. മാഹി നഗരസഭാ മുൻ കൗൺസിലർ പള്ളിയൻ പ്രമോദിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
തൊഴിലാളിയുടെ ആൻഡ്രോയിഡ് ഫോണും 1100 രൂപയുമാണ് പ്രതി കവർന്നത്. മോഷണശ്രമം തടയാൻ ശ്രമിച്ച തൊഴിലാളിയെ പ്രതി ഇരുമ്പ് കമ്പി ഉപയോഗിച്ച് ആക്രമിക്കാനും ശ്രമിച്ചു.
ഇതിനിടെ സ്ഥലത്തെത്തിയ മറ്റൊരു തൊഴിലാളി കൂടി ചേർന്നാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. വീടിന്റെ മൂന്ന് മുറികളുടെ വാതിലുകൾ തകർത്ത നിലയിലാണ്. പിടികൂടിയ പ്രതിയെ മാഹി കോടതി റിമാൻഡ് ചെയ്തു.
