ന്യൂമാഹി പഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണം വൈകുന്നു; റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധം


 ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ മിക്ക റോഡുകളും ടാറിങ് പ്രവൃത്തികൾ പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കാത്തതിലും മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങാത്തതിലും നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. പെരിങ്ങാടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ റോഡുകളുടെ വശങ്ങളിൽ കാടുകൾ വളർന്നു നിൽക്കുന്നതും ഓടകൾ വൃത്തിയാക്കാത്തതും ജനങ്ങളെ ദുരിതത്തിലാക്കുകയാണ്.

തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയായിട്ടും ജനങ്ങളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനാവശ്യമായ നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നാണ് പ്രധാന പരാതി. പലയിടങ്ങളിലും റോഡുകൾ വെട്ടിപ്പൊളിച്ച നിലയിലാണ്. മഴക്കാലം ആരംഭിക്കുന്നതിന് മുൻപായി റോഡുകൾ ടാറിങ് നടത്തി പൂർവ്വസ്ഥിതിയിലാക്കണമെന്നും ഓടകൾ ശുചീകരിച്ച് വെള്ളക്കെട്ട് ഒഴിവാക്കണമെന്നും ദേശവാസികൾ ആവശ്യപ്പെടുന്നു.


റോഡരികിലെ കാടുകൾ വെട്ടിത്തെളിക്കാത്തത് വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ഭീഷണിയുയർത്തുന്നുണ്ട്. കാലവർഷത്തിന് മുൻപായി അടിയന്തരമായി ശുചീകരണ പ്രവർത്തനങ്ങളും റോഡ് അറ്റകുറ്റപ്പണികളും പൂർത്തിയാക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 



വളരെ പുതിയ വളരെ പഴയ