പ്രയാസമനുഭവിക്കുന്നവരെ ചേർത്തുപിടിക്കുന്നത് മാനവികതയുടെ വലിയ നന്മ: രമേശ് പറമ്പത്ത്


മാഹി: പ്രയാസമനുഭവിക്കുന്നവരെ ചേർത്തുപിടിക്കുന്നതാണ് മാനവികതയുടെ ഏറ്റവും വലിയ നന്മയെന്ന് മുൻ എംഎൽഎ രമേശ് പറമ്പത്ത്. കാരുണ്യത്തിന്റെയും മാനവികതയുടെയും ഉറവ വറ്റിക്കൊണ്ടിരിക്കുന്ന വർത്തമാനകാലത്ത്, മയ്യഴിയിലെ സി എച്ച് സെന്റർ സേവനരംഗത്ത് വഹിക്കുന്ന പങ്ക് മാതൃകാപരമാണ്. സി എച്ച് സെന്റർ സംഘടിപ്പിച്ച ഓണക്കിറ്റുകളുടെയും ഓണക്കോടിയുടെയും വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​കഴിഞ്ഞ 15 വർഷക്കാലമായി മാഹിയിലെ കാരുണ്യ സാന്ത്വന പരിചരണ രംഗത്ത് സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് സി എച്ച് സെന്റർ കാഴ്ചവെക്കുന്നത്. മാഹി കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രദേശത്തെ നിർധനരും അർഹരുമായ രോഗികൾക്കും കുടുംബങ്ങൾക്കുമായി ഓണക്കിറ്റുകളും ഓണക്കോടിയും വിതരണം ചെയ്തു.

​സി എച്ച് സെന്റർ പ്രസിഡന്റ് എ വി യൂസുഫിന്റെ അധ്യക്ഷതയിൽ മാഹി സി ഐ പി എ അനിൽകുമാർ മുഖ്യഭാഷണം നടത്തി. ടി ഇബ്രാഹിംകുട്ടി, കെ കെ ബഷീർ, മുഹമ്മദ് ഇഫ്തിയാസ്, അഡ്വ. ഷാഹുൽഹമീദ്, ചാലക്കര പുരുഷു എന്നിവർ സംസാരിച്ചു. സി എച്ച് സെന്റർ സെക്രട്ടറി എ വി അൻസാർ സ്വാഗതവും ഇ കെ മുഹമ്മദലി നന്ദിയും പറഞ്ഞു. കെ പി സിദ്ദീഖ്, സക്കീർ, റിഷാദ് കൂടാളി, നംഷീർ, റിനു, മുഹമ്മദ്‌ ത്വാഹാ, മുഹമ്മദ്‌ റംസാൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ