മാഹി: മാഹി പാലത്തിന് സമീപം ന്യൂ മാഹി ടൗണിൽ റോഡരികിൽ ചത്തുകിടക്കുന്ന തെരുവ് നായയെ നീക്കം ചെയ്യാൻ അധികൃതർ തയ്യാറാകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. തിങ്കളാഴ്ച രാവിലെ മുതൽ ചത്തുകിടക്കുന്ന നായയെ കുഴിച്ചുമൂടാനോ നീക്കം ചെയ്യാനോ പഞ്ചായത്ത് അധികൃതർ തയ്യാറായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
നായയുടെ ജഡം പക്ഷികൾ കൊത്തിവലിച്ച നിലയിലാണ്. ആന്തരികാവയവങ്ങൾ പുറത്തായി ജഡം അഴുകിത്തുടങ്ങിയതോടെ പ്രദേശത്ത് കടുത്ത ദുർഗന്ധം വമിക്കുന്നുണ്ട്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വ്യാപാരികളും യാത്രക്കാരും ആശങ്കപ്പെടുന്നു.
വിഷയം പഞ്ചായത്ത് അധികൃതരെയും ജനപ്രതിനിധികളെയും നേരിട്ട് അറിയിച്ചിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. തിരക്കേറിയ ടൗണിൽ ഇത്തരത്തിൽ ജഡം കിടക്കുന്നത് കാൽനടയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. എത്രയും വേഗം ശുചീകരണ തൊഴിലാളികളെ അയച്ച് ജഡം നീക്കം ചെയ്യണമെന്നാണ് ജനങ്ങളുടെ ആവശ്യം.
