പുതുച്ചേരിയിൽ ആശാ വർക്കർമാരുടെ വേതനം വർധിപ്പിച്ചു; ഇനി പ്രതിമാസം 18,000 രൂപ

 


പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ ആശാ വർക്കർമാരുടെ പ്രതിമാസ വേതനം കുത്തനെ വർധിപ്പിച്ചു. നിലവിലുള്ള 10,000 രൂപയിൽ നിന്നും 18,000 രൂപയായാണ് വേതനം ഉയർത്തിയത്. ഇത് സംബന്ധിച്ച ഉത്തരവിൽ പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ ഒപ്പുവെച്ചു. നീണ്ട നാളത്തെ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കുമൊടുവിലാണ് ആശാ വർക്കർമാരുടെ ആവശ്യത്തിന് അംഗീകാരമായത്.

കഴിഞ്ഞ മാർച്ച് മാസത്തിൽ ഓണറേറിയം വർധിപ്പിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നെങ്കിലും നടപ്പിലാക്കാൻ വൈകിയതിനെത്തുടർന്ന് ഡിസംബർ മുതൽ വർക്കർമാർ വീണ്ടും സമരരംഗത്തിറങ്ങിയിരുന്നു. നിലവിൽ കേന്ദ്ര വിഹിതമായ 3,000 രൂപയിൽ 2,609 രൂപ മാത്രമാണ് മാഹിയിലെ വർക്കർമാർക്ക് ലഭിച്ചിരുന്നത്. കൂടാതെ സംസ്ഥാന വിഹിതമായ 7,000 രൂപ കൃത്യമായി ലഭിക്കാത്തതും ആറു മാസത്തെ കുടിശ്ശിക നിലനിൽക്കുന്നതും വലിയ പ്രതിസന്ധിയായിരുന്നു.

വേതനം വർധിപ്പിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ സമരം പിൻവലിക്കുന്നതായി യൂണിയൻ നേതാക്കൾ അറിയിച്ചു. മുഖ്യമന്ത്രി എൻ. രംഗസാമിയോടുള്ള നന്ദിസൂചകമായി, അദ്ദേഹത്തിന്റെ ചിത്രം പതിപ്പിച്ച പ്ലക്കാർഡുകൾ ധരിച്ചാണ് മാഹിയിലെ ആശാ വർക്കർമാർ ആഹ്ലാദം പ്രകടിപ്പിച്ചത്.



വളരെ പുതിയ വളരെ പഴയ