മാഹി: പോണ്ടിച്ചേരി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (പി.പി.സി.സി) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'വോക്ക് ഫോർ പുതുച്ചേരി' പദയാത്ര ഫെബ്രുവരി 28-ന് മാഹിയിൽ നടക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കും അഴിമതിക്കും ഭരണസ്തംഭനത്തിനുമെതിരെ ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദയാത്ര സംഘടിപ്പിക്കുന്നത്.
വൈകുന്നേരം 3 മണിക്ക് മൂലക്കടവിൽ നിന്നും ആരംഭിക്കുന്ന പദയാത്ര രാത്രി 7 മണിക്ക് മാഹി പാറക്കൽ കടപ്പുറത്ത് സമാപിക്കും. മുൻ മുഖ്യമന്ത്രി വി. നാരായണസാമി, പി.പി.സി.സി പ്രസിഡന്റും എം.പിയുമായ വി. വൈദ്യലിംഗം, മുൻ മന്ത്രി ഇ. വത്സരാജ്, രമേശ് പറമ്പത്ത് എം.എൽ.എ തുടങ്ങിയ പ്രമുഖ നേതാക്കൾ പദയാത്രയ്ക്ക് നേതൃത്വം നൽകും.
കേന്ദ്രഭരണ പ്രദേശത്തെ ക്രമസമാധാന തകർച്ചയ്ക്കും ബി.ജെ.പി മാഫിയ സംഘങ്ങളുടെ ഇടപെടലിനുമെതിരെ കോൺഗ്രസ് നേതൃത്വം രൂക്ഷമായ വിമർശനമുന്നയിച്ചു. വ്യാജ മരുന്ന് നിർമ്മാണ കേസിൽ ഉൾപ്പെട്ട ബി.ജെ.പി - എൻ.ആർ കോൺഗ്രസ് നേതാക്കളെ സംരക്ഷിക്കുന്ന സർക്കാർ നിലപാട് അവസാനിപ്പിക്കണമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാക്കളായ കെ. മോഹനൻ, പി.പി.വിനോദ്, കെ. ഹരീന്ദ്രൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
