മാഹി: വിദ്യാർത്ഥികൾ അവരവരോട് തന്നെ സംവദിക്കുമ്പോഴാണ് യഥാർത്ഥ വ്യക്തിവികാസം സാധ്യമാകുന്നതെന്നും മനുഷ്യശരീരത്തിൽ ജീവരക്തം പോലെ തന്നെ പ്രാധാന്യമുള്ളതാണ് കുടിവെള്ളമെന്നും മാഹി നഗരസഭാ കമ്മീഷണർ പി.കെ. ശ്രീജിത്ത് അഭിപ്രായപ്പെട്ടു. മാഹി മഹാത്മാഗാന്ധി ഗവൺമെന്റ് ആർട്സ് കോളേജിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഭൂഗർഭ ജലവിനിയോഗ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര ഭൂഗർഭ ജല ബോർഡ്, ചെന്നൈ സൗത്ത് ഈസ്റ്റേൺ കോസ്റ്റൽ റീജിയൻ, റായ്പൂരിലെ രാജീവ് ഗാന്ധി ദേശീയ ഭൂഗർഭ ജല പരിശീലന ഗവേഷണ കേന്ദ്രം എന്നിവ സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചത്.
പ്രധാന ചർച്ചാവിഷയങ്ങൾ:
ജലവിഭവം, നദീവികസനം, ഗംഗാ നവീകരണം തുടങ്ങിയ ബൃഹത്തായ പദ്ധതികളെക്കുറിച്ചുള്ള ത്രിതല പരിശീലന പരിപാടിയെക്കുറിച്ച് ചെന്നൈ റീജിയണൽ ഡയറക്ടർ എം. ശിവകുമാർ വിശദീകരിച്ചു. ഭൂഗർഭ ജലത്തിന്റെ അമിത ചൂഷണവും അത് പരിരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും സെമിനാറിൽ ചർച്ചയായി.
കോളേജ് പ്രിൻസിപ്പാൾ ഡോ. കെ.കെ. ശിവദാസൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ശാസ്ത്രജ്ഞരായ സി. രജികുമാർ, ഡോ. എ. സത്യമുരുകൻ, സിംഗ ദുരൈ, ശ്രീക്കുട്ടൻ, ഡോ. കെ.എം. ഗോപിനാഥൻ, ഡോ. അനീഷ്, ഡോ. പ്രിയ ബറേലി, ചാലക്കര പുരുഷു തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിച്ചു.
