ഓർക്കാട്ടേരി : കളിയാംവെള്ളി പാലത്തിൽ ബസ് തെന്നിമാറി വൻ അപകടം ഒഴിവായി. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. നാദാപുരം ഭാഗത്തുനിന്ന് വടകരയ്ക്ക് പോവുകയായിരുന്ന ഐരാവത് ബസാണ് അപകടത്തിൽപ്പെട്ടത്. ചാറ്റൽമഴയിൽ വളരെ മെല്ലെവന്ന ബസ് പെട്ടെന്ന് ബ്രേക്കിട്ടത് കാരണം തെന്നിമാറി താഴ്ചയിലേക്ക് വീഴുന്നതിനിടെ താഴ്ചയിലെ മരത്തിലും പാലത്തിന്റെ ഭിത്തിയിൽ ടയർ ഉടക്കിയും പുഴയിലേക്ക് വീഴാതെനിന്നത് ഭാഗ്യമായി. മുപ്പതോളം യാത്രക്കാർ പരിക്കൊന്നുമേൽക്കാതെ രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാർ യാത്രക്കാരെ സുരക്ഷിതമായി ബസിനു പുറത്തെത്തിച്ചു. എടച്ചേരി പോലീസ് ഇൻസ്പെക്ടർ ടി.കെ. ഷിജുവിന്റെ നേതൃത്വത്തിൽ പോലീസ് സംഘവും സ്ഥലത്തെത്തി.