ഈസ്റ്റ് പളളൂരിലെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. പള്ളുർ എസ്.ഐ. റെനിൽ കുമാർ, ഗ്രെയിഡ് എസ്-ഐ- രാജേഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട തിരുവല്ല സ്വദേശി നസീം എന്ന റോയി (55) യാണ് പിടിയിലായത്.
കഴിഞ്ഞ 13 ന് രാത്രി ഈസ്റ്റ് പള്ളൂർ ആർ .എസ് .എസ് കാര്യാലയത്തിന്റെ സമീപം വൈഷ്ണവിൻ്റെ വീട് കുത്തിത്തുറന്നാണ് കവർച്ച നടത്തിയത്. പണവും, പൊന്നും നഷ്ടപ്പെട്ടെന്ന വൈഷ്ണവിൻ്റെ പരാതിയിൽ കേസെടുത്ത് പള്ളൂർ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
സമീപത്തെ സി.സി. ടിവി ദൃശ്യങ്ങൾ നിരീക്ഷിച്ചും, സൈബർ സെല്ലിൻ്റേയും സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. മോഷണം നടന്ന ശേഷം പ്രതി വീട്ടിനകത്ത് മുളക് പൊടി വിതറിയതായും പോലീസ് പറഞ്ഞു. വൈഷ്ണവ് കുടുംബത്തോടൊപ്പം വീട് പൂട്ടി ബന്ധുവിൻ്റെ കല്യാണത്തിന് പോയതായിരുന്നു.
മാഹി കോടതി പ്രതിയെ രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്തു. വയറു വേദന അനുഭവപ്പെടുന്നതായി പറഞ്ഞ പ്രതിയെ പോലീസ് നിരീക്ഷണത്തിൽ മാഹി ഗവ.ജനറൽ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
നിരവധി മോഷണ കേസിലെ പ്രതിയാണ് നസീം.