വടകര: പുത്തൂരില്‍ റിട്ട. പോസ്റ്റ്മാനെയും മകനെയും വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ ക്വട്ടേഷൻ സംഘം ഉള്‍പ്പെടെ അഞ്ചംഗ സംഘം അറസ്റ്റില്‍.
പുത്തൂർ ശ്യാം നിവാസിൻ മനോഹരൻ (58), വില്യാപ്പള്ളി സ്വദേശികളായ പനയുള്ള മീത്തല്‍ സുരേഷ് (49), കാഞ്ഞിരവള്ളി കുനിയില്‍ വിജീഷ് (42), പട്ടർ പറമ്ബത്ത് രഞ്ജിത്ത് (46), ചുണ്ടയില്‍ മനോജൻ (40) എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി 10.45 ഓടെയാണ് റിട്ട. പോസ്റ്റ്മാനായ പാറേമ്മല്‍ രവീന്ദ്രനെയും മകൻ ആദർശിനെയും മുഖം മൂടി ധരിച്ച് വീട്ടില്‍ കയറി ആക്രമിച്ചത്.
രവീന്ദ്രന്‍റെ കാല്‍ തല്ലിയൊടിക്കുകയും തടയാനുള്ള ശ്രമത്തിനിടയില്‍ മകൻ ആദർശിന് പരിക്കേല്‍ക്കുകയുമുണ്ടായി. കാലിനു പരിക്കേറ്റ രവീന്ദ്രൻ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കേസില്‍ അറസ്റ്റിലായ മനോഹരനാണ് രവീന്ദ്രനെ ആക്രമിക്കാൻ ക്വട്ടേഷൻ നല്‍കിയത്.
ഇവർ തമ്മിലുള്ള ഭൂമി സംബന്ധമായ തർക്കമാണ് ക്വട്ടേഷൻ ആക്രമണത്തില്‍ കലാശിച്ചത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേർത്താണ് പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
ആക്രമണത്തിന് ഉപയോഗിച്ച ടാക്സി ജീപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. രഞ്ജിത്താണ് അക്രമികള്‍ സഞ്ചരിച്ച ജീപ്പ് ഓടിച്ചത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.