മാഹി∙ നഗരത്തിലെ ഏക ശ്മശാനം വാതകശ്മശാനമായി. കോരക്കുറുപ്പാളുടെ കുന്നിലാണ് നഗരസഭാ ശ്മശാനം പ്രവർത്തിച്ചിരുന്നത്. ആദ്യ കാലങ്ങളിൽ കുഴിയെടുത്ത് മൃതദേഹം സംസ്കരിക്കുകയായിരുന്നു. എൺപതുകളുടെ തുടക്കത്തിൽ, പരേതനായ പാലേരി ദാമോദരന്റെ നേതൃത്വത്തിൽ പൊതുജന സേവാസംഘം രൂപീകരിച്ച് മൃതദേഹം സംസ്കരിക്കുന്ന രീതി നിലവിൽ വന്നു. അന്ന് നഗര സഭയുടെ സ്ഥലത്ത് അധികൃതർ നിർമിച്ച കൂടാരത്തിനുള്ളിൽ 2 മൃതദേഹങ്ങൾ സംസ്കരിക്കാൻ സാധിച്ചിരുന്നു.
2018 സെപ്റ്റംബർ 25ൽ ശ്മശാനം നവീകരിക്കണം എന്ന ജനകീയ ആവശ്യം മാഹി സന്ദർശിച്ച അന്നത്തെ മുഖ്യമന്ത്രി വി.നാരായണ സാമിക്ക് മുന്നിൽ കൊണ്ടു വന്നു. ഒടുവിൽ ഇപ്പോൾ രമേശ് പറമ്പത്ത് എംഎൽഎയുടെ നേതൃത്വത്തിൽ കുരുക്കുകൾ അഴിച്ച് മാഹിയിൽ ഗ്യാസ് ശ്മശാനം യാഥാർഥ്യമായി. ആനവാതുക്കൽ കെ.ടി.സുഗതന്റെ മൃതദേഹം ഇന്നലെ ഗ്യാസ് ശ്മശാനത്തിൽ സംസ്കരിച്ചു. സംസ്കാര ആവശ്യത്തിന് നഗരസഭയുടെ 0490 2332233, 9446264720, 9846097723 നമ്പറിൽ ബന്ധപ്പെടാം.