ചോമ്പാല : കാഞ്ഞങ്ങാട് നിന്ന് മലപ്പുറം തിരൂരിലേക്ക് രണ്ടു പേരുമായി പുറപ്പെട്ട ഇമ്പിച്ചിവാബ എന്ന ബോട്ട് തലശ്ശേരി ഭാഗത്ത് എഞ്ചിന്‍ തകരാറ് കാരണം വ്യാഴാഴ്ച വൈകിട്ട് കടലില്‍ പെട്ടിരുന്നു. കോസ്റ്റ് ഗാര്‍ഡിന്‍റെ ഹെലികോപ്റ്റര്‍ രക്ഷാപ്രവര്‍ത്തന ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല . വിവരമറിഞ്ഞ തലശ്ശേരി കോസ്റ്റല്‍ പോലീസും മത്സ്യതൊഴിലാളികളും ചേര്‍ന്ന് മലപ്പുറം താനൂര്‍ സ്വദേശി നൗഫല്‍ , ഉണ്ണിയാല്‍ സ്വദേശി ജലാല്‍ എന്നിവരെ ബോട്ടില്‍ നിന്ന് രക്ഷപ്പെടുത്തി .
കടല്‍ ശാന്തമല്ലാത്തത് കാരണം ഏകദേശം എട്ട് കിലോമീറ്റര്‍ അകലെ കടലില്‍ ബോട്ട് നങ്കൂരമിട്ടു.വെളളിയാഴ്ച രാവിലെ ചോമ്പാല ഹാര്‍ബറിലെ കോസ്റ്റല്‍ പോലീസ് സംഘം കടലില്‍ അകപ്പെട്ട ബോട്ടിനെ കരയിലേക്ക് എത്തിക്കാന്‍ ഏറെനേരം ശ്രമം നടത്തി .ശക്തമായ തിരയും കാറ്റും കാരണം ശ്രമം വിഫലമായി . ക്ഷോഭിച്ച കടലിലെ ഒഴുക്കില്‍ ബോട്ട് വടകര ഭാഗത്തേക്ക് എത്തി.
കടലില്‍ മത്സ്യബന്ധനം നടക്കാത്തതിനാല്‍ മറ്റ് യാനങ്ങള്‍ ഒന്നും ഇല്ലായിരുന്നു. വിവരമറിഞ്ഞ ഫിഷറീസ് റസ്ക്യൂ ടീം ചോമ്പാലില്‍ നിന്ന് കുരിയാടി മഞ്ചുനാഫന്‍ എന്ന ഫൈബര്‍ വളളവുമായി കുതിച്ചു . അവരുടെ സഹായത്തോടെ പന്ത്രണ്ട് മണിയോടെ ബോട്ട് കെട്ടിവലിച്ച് ചോമ്പാല ഹാര്‍ബറില്‍ എത്തിച്ചു.
കോസ്റ്റല്‍ പോലീസ് സി.ഐ. ദീപു , ഓഫീസര്‍മാരായ പി.വിജിത്ത് , ബബിത്ത് ലാല്‍ , കെ.വി.വിഷ്ണു , ടി.പി.ആകാശ് ഇസ്മയില്‍ ,അരുണ്‍ എന്നിവരും ഫിഷറീസ് റെസ്ക്യൂ ടീം അംഗങ്ങളായ ശരത്ത് പയ്യോളി , ബൈജു മൂടാടി , അഭിലാഷ് കൊയിലാണ്ടി , അര്‍ജുന്‍ പയ്യോളി , മത്സ്യ തൊഴിലാളികളായ അബ്ദുള്‍ കരീം , പയ്യോളി തവക്കല്‍ ഷമീം എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ ഉണ്ടായി.