മാഹി ദേശിയ പാതയിൽ അപകടാവസ്ഥയിലായ മാഹിപ്പാലത്തിന്റെ അറ്റകുറ്റപ്പണികൾ മന്ദഗതിയിൽ പുരോഗമിക്കുന്നത് കാരണം നാട്ടുകാർ ദുരിതത്തിലായി. ഏപ്രിൽ 29 ന് പണി ആരംഭിച്ചാൽ 12 ദിവസം കൊണ്ട് മേയ് 10 ന് പൂർത്തിയാക്കുമെന്നായിരുന്നു പറഞത്.12 ദിവസത്തേക്കാണ് പാലം അടച്ചത്. ഇന്ന് മേയ് 6 തിങ്കളാഴ്ചയായിട്ടും (8 ദിവസം പിന്നിട്ടിട്ടും) പാലത്തിന്റെ അറ്റ കുറ്റ പണി എവിടേയും എത്താത്ത സ്ഥിതിയാണ്.
പാലത്തിന് മുകളിലുള്ള താർ ചെയ്ത ഭാഗം രണ്ട് ദിവസം കൊണ്ട് നീക്കം ചെയ്തെങ്കിലും, കോൺക്രീറ്റ് സ്ലാബുകൾക്കിടയിലെ പൊട്ടിത്തകർന്ന
പഴയ എക്സ്പാൻഷൻ ജോയിൻറ്റുകൾ (സ്ട്രിപ്പ് സീൽ) നീക്കം ചെയ്യുന്നതിന് ഏറെ സമയം ബുദ്ധിമുട്ടുന്നു.
പ്രത്യേകതരം ഉറപ്പ് കൂടിയ കോൺക്രീറ്റിലാണ് സ്ലാബുകൾക്കിടയിൽ ഇവ ഘടിപ്പിച്ചിരിക്കുന്നതെന്ന് പറയുന്നു. നാല് എക്സ്പാൻഷൻ ജോയിൻറ്റുകളിൽ, രണ്ട് ജോയിൻറ്റുകൾ പൂർണമായും മറ്റ് രണ്ടു ജോയിൻറ്റുകൾ പകുതി ഭാഗവും മാറ്റി പുതിയത് സ്ഥാപിക്കുന്ന പണിയാണ് നടക്കുന്നതെന്നാണറിഞ്ഞത്.
കോൺക്രീറ്റ് അടർത്തിയെടുത്ത് പഴയത് നീക്കാനായി വളരെയേറെ സമയമെടുക്കുന്നു. ഒരു ജോയിൻറ്റിന്റെ പണി പോലും ഇന്ന് തിങ്കളാഴ്ച ഉച്ച കഴിഞ്ഞിട്ടും പൂർത്തിയാക്കാത്ത സ്ഥിതിയാണ്. നാല് ജോയിൻറ്റുകൾ മാറ്റി പുതിയത് ഘടിപ്പിച്ച ശേഷം പുതുതായി കോൺക്രീറ്റ് ചെയ്താൽ കോൺക്രീറ്റിന് ബലം ലഭിക്കണമെങ്കിൽ ഒരാഴ്ചയിൽ കൂടുതൽ സമയം വേണമെന്നാണറിയാൻ കഴിഞ്ഞത്. അതിന്റെ ശേഷമാണ് താറിങ്ങിന്റെ പണി നടക്കുകയെന്നറിയുന്നു.
രാവും പകലും പണിയെടുത്ത് പൂർത്തിയാക്കുമെന്നായിരുന്നു പറഞ്ഞു കേട്ടതെങ്കിലും പ്രവർത്തി ദിവസങ്ങളിൽ പകൽ സമയം മാത്രമാണ് പണി നടക്കുന്നത്.ഇത് പോലെ ആണെങ്കിൽ ഇനിയും ആഴ്ചകൾ വേണ്ടി വരുമെന്നാണ് തോന്നുന്നത്. രാവും പകലും വർക്ക് ചെയ്ത് എത്രയും വേഗത്തിൽ പണി പൂർത്തിയാക്കി ജനങ്ങൾ നേരിടുന്ന ദുരിതത്തിൽ നിന്ന് മോചിപ്പിക്കണം എന്നതാണ്നാട്ടുകാരുടെ ആവശ്യം.